കോഴിക്കോട്: തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ “ഇന്ത്യന്‍ സെക്കുലര്‍ ലീഗ്” എന്ന പേരില്‍ പുതിയ ഇടതുപക്ഷ ഇസ്‌ലാമിക മതേതര പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ചുള്ള മനോരമയുടെ വാര്‍ത്ത നിഷേധിച്ച് താനൂര്‍ എം.എല്‍.എ വി അബ്ദുറഹ്മാന്‍.
വി അബ്ദുറഹ്മാന്‍ ഉള്‍പ്പെടെ അഞ്ച് എം.എല്‍.എമാരെ കൂട്ടി കെ.ടി ജലീല്‍ പുതിയ പാര്‍ട്ടി രൂപികരിക്കുന്നു എന്നാണ് മനോരമയില്‍ വന്ന വാര്‍ത്ത.
കെ.ടി. ജലീല്‍ പുതിയ പാര്‍ട്ടി തുടങ്ങുന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അറിയാത്തതിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും എം.എല്‍.എ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗിന് ബദലായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അതിന് സി.പി.ഐ.എമ്മിന്റെ പിന്തുണയുണ്ടെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വി. അബ്ദുറഹ്മാന്‍ എം.എല്‍.എയും പാര്‍ട്ടിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
മലബാറില്‍ മുസ്‌ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിക്കു കഴിയുമെന്ന് സി.പി.ഐ.എം കണക്കുകൂട്ടുന്നുണ്ടെന്നാണ് മനോരമയിലെ വാര്‍ത്തയില്‍ പറയുന്നത്.
സി.പി.ഐ.എം നേതൃത്വം, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ പിന്തുണയും കെ.ടി ജലീലിന്റെ ഈ നീക്കത്തിനോപ്പമുണ്ടെന്നും മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷനല്‍ ലീഗ്, പി.ടി.എ. റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുല്‍ നാസര്‍ മദനിയുടെ പി.ഡി.പി എന്നിവയും പുതിയ പാര്‍ട്ടിയില്‍ ലയിക്കുമെന്നും വാര്‍ത്തയിലുണ്ട്.
പാര്‍ട്ടിക്ക് കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഘടകങ്ങള്‍ ഉണ്ടായിരിക്കുമെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.