| Friday, 7th May 2021, 8:39 pm

പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്; തനിക്കെതിരെയുള്ള കേസ് പിന്‍വലിച്ചുവെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായെന്ന പ്രചരണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. ഇരു വ്യക്തികള്‍ തമ്മിലുള്ള കേസാണിതെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ വായ്പ നല്‍കിയ ആള്‍ക്ക് കൃത്യമായി ബോധ്യപ്പെട്ടതോടെ അദ്ദേഹം കോടതിയില്‍ വെച്ച് തന്നെ കേസ് പിന്‍വലിച്ചുവെന്നും ശ്രീകുമാര്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്ത് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു കേസ് നിലനിന്നിരുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തിരക്കുകളിലായതിനാല്‍ കേസില്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.

അതിന്റെ ഭാഗമായാണ് ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ഇന്ന് ഹാജരായത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സി.ജെ.എം കോടതിയുടെ അനുവാദത്തോടെ കോടതിയില്‍ വെച്ച് കേസ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂര്‍ണമായി അവസാനിക്കുകയും ചെയ്തു. കേവലം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കേസിന് മാധ്യമങ്ങള്‍ ഇത്രയധികം പ്രാധാന്യം നല്കിയത് തന്നെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ശ്രീകുമാര്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് ആലപ്പുഴ പൊലീസ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ട് കോടി രൂപ തട്ടിയെടുത്തു എന്ന കേസിലായിരുന്നു അറസ്റ്റ്. പാലക്കാട്ടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്.

ഏറെ നാളുകള്‍ക്ക് മുന്‍പ് ലഭിച്ച ഈ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; V A Sreekumar Menon Acquited From Case

We use cookies to give you the best possible experience. Learn more