താഷ്‌കന്റ്: സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് തട്ടം ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം എടുത്തുമാറ്റി ഉസ്ബെക്കിസ്ഥാന്‍. യാഥാസ്ഥിതിക കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
‘നിരവധി മാതാപിതാക്കള്‍ തട്ടം അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുന്നോട്ടുവന്നിരുന്നു. ഇതിന്റെ ഭാഗമായാണ് വെള്ളയിലോ അതുപോലുള്ള നിറങ്ങളിലോ തട്ടമോ ചെറിയ തൊപ്പികളോ ധരിക്കാന്‍ അനുമതി നല്‍കുന്നത്. എല്ലാ കുട്ടികള്‍ക്കും മതനിരപേക്ഷ വിദ്യാഭ്യാസം ലഭിക്കണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം,’ വിദ്യാഭ്യാസമന്ത്രിയായ ഷേര്‍സോദ് ഷേര്‍മടോവ് പറഞ്ഞു.
തലയില്‍ ഷോള്‍ ധരിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരുന്നത്. കവിളുകള്‍ കൂടി മൂടുംവിധമുള്ള ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. അനുമതി നല്‍കിയിട്ടുള്ള തട്ടത്തിന്റെ മാതൃകകളും വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
മുന്‍ സോവിയറ്റ് യൂണിയന്‍ പ്രദേശമാണ് ഉസബെക്കിസ്ഥാന്‍. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഉസബെക്കിസ്ഥാനിലെ സര്‍ക്കാര്‍ കര്‍ശന മതനിരപേക്ഷ നിലപാടുകളാണ് പുലര്‍ത്തിവരുന്നത്. സ്‌കൂളുകളില്‍ മതചിഹ്നങ്ങള്‍ പരിപൂര്‍ണമായും വിലക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു തട്ടവും തൊപ്പികളും നിരോധിച്ചിരുന്നത്.