| Thursday, 6th April 2023, 7:08 pm

ബാരെന്‍ കൂട്ടക്കൊലയുടെ വാര്‍ഷികത്തില്‍ ചൈനക്കെതിരെ ലണ്ടനില്‍ പ്രതിഷേധവുമായി ഉയ്ഗുര്‍ മുസ്‌ലിങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലണ്ടനിലെ ചൈനീസ് എംബസിക്ക് മുന്നില്‍ പ്രതിഷേധവുമായി ഉയ്ഗുര്‍ മുസ്‌ലിം വംശജര്‍. ഉയ്ഗുര്‍ ജനതക്കെതിരെ ചൈനീസ് ഗവണ്‍മെന്റ് നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പട്ടാളം ഉയ്ഗുര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തിയ ബാരെന്‍ കൂട്ടക്കൊലയുടെ 33ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് സമരക്കാര്‍ വ്യക്തമാക്കി.

കൂട്ടക്കൊലയുടെയും അടിച്ചമര്‍ത്തലിന്റെയും വാര്‍ഷികത്തില്‍, കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്ത എല്ലാ മനുഷ്യരെയും തങ്ങള്‍ അനുസ്മരിക്കുന്നതായും ഇപ്പോഴും തങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ വേണ്ട രീതിയിലുള്ള അന്താരാഷ്ട്ര ശ്രദ്ധ പതിയുകയോ പരിഹാരങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ നടക്കുകയോ ചെയ്യുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

‘ലോകം ഉയ്ഗുര്‍ ജനതയുടെ വിഷയത്തില്‍ ഇപ്പോഴെങ്കിലും കൃത്യമായി ഇടപെടണം. ഈ ദിനം ഉയ്ഗുര്‍ ജനതയുടെ ഭാവി തലമുറക്കെങ്കിലും ചരിത്രത്തെ അനുസ്മരിക്കാനും, ബഹുമാനിക്കാനുമുള്ള ദിനമായി മാറണം. അല്ലാതെ അവര്‍ അന്നും നീതിക്കായി നിലവിളിക്കേണ്ട സാഹചര്യം ഉണ്ടാകരുത്,’ സ്റ്റോപ് ഉയ്ഗുര്‍ ജെനോസൈഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റഹിമ മഹ്‌മത് പറഞ്ഞു.

1990 ഏപ്രില്‍ അഞ്ചിന് ഉയ്ഗുര്‍ മുസ്‌ലിങ്ങള്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ നടത്തിയ പ്രതിഷേധമാണ് ബാരെന്‍ സമരം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇരുന്നൂറോളം വരുന്ന ഉയ്ഗുര്‍ മുസ്‌ലിങ്ങള്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന ചൈനീസ് വിവേചനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. പട്ടാളത്തെ ഇറക്കിയാണ് ചൈന പ്രതിഷേധങ്ങളെ നേരിട്ടത്. നിരവധി ഉയ്ഗുര്‍ മനുഷ്യര്‍ കൊല്ലപ്പെട്ട ഈ സംഭവമാണ് ബാരെന്‍ കൂട്ടക്കൊല എന്നറിയപ്പെടുന്നത്.

വംശീയ ന്യൂനപക്ഷമായ ഉയ്ഗുറുകള്‍ ചൈനയില്‍ കടുത്ത പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉയ്ഗുര്‍ വംശജരെ അനധികൃതമായി തടവില്‍ വെച്ച് അവര്‍ക്കെതിരെ ലൈംഗികാക്രമണം വരെ നടത്തുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷക്കണക്കിന് ഉയ്ഗുറുകളെ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ തടവിലാക്കിയിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു.

Content Highlights: uyghur muslims protest agaist chaina at london

We use cookies to give you the best possible experience. Learn more