വിശ്വാസത്തിന്റെ പേരിലുള്ള പേരാട്ടത്തിലാണ് തങ്ങളെന്ന് അവകാശപ്പെടുന്ന താലിബാന്‍, ഉയ്ഗൂര്‍ മുസ്‌ലിങ്ങളുടെ വംശഹത്യാ പദ്ധതിയില്‍ ചൈനക്കൊപ്പം അണിചേര്‍ന്നിരിക്കുന്നു.
ചൈനയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സിന്‍ജിയാങ്ങിലെ തദ്ദേശീയ ഗോത്ര ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്‌ലിങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എത്രയോ തവണ നമ്മള്‍ വായിച്ചിരിക്കുന്നു. ചൈനയിലെ വലിയ പ്രദേശങ്ങളില്‍ ഒന്നായ സിന്‍ജിയാങില്‍ ഏകദേശം 1.2 കോടി ഉയ്ഗൂര്‍ വംശജരാണ് താമസിക്കുന്നത്.
സിന്‍ജിയാങ് ജസംഖ്യയുടെ പകുതിയില്‍ താഴെയാണിത്. ഉയ്ഗൂര്‍മാര്‍ അവരുടെ സ്വന്തം ഭാഷ സംസാരിക്കുന്നു. അത് ടര്‍ക്കിഷ് ഭാഷക്ക് സമാനമാണ്. സാംസ്‌കാരികമായും വംശീയമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായി അടുപ്പമുള്ളവരാണ് സിന്‍ജിയാങ് നിവാസികള്‍. ചൈനയെയും മിഡില്‍ ഈസ്റ്റിനെയും ബന്ധിപ്പിക്കുന്ന പുരാതന സില്‍ക്ക് റോഡ് ട്രേഡ് റൂട്ട് സിന്‍ജിയാങ്ങിലൂടെയാണ് കടന്നുപോയത്. ഇതുമൂലമുള്ള ചരിത്രപരമായ കൊടുക്കല്‍ വാങ്ങലുകളാല്‍ രൂപപ്പെട്ടുവന്ന ഒരു സംസ്‌കാരമാണിത്.
സിന്‍ജിയാങിന് ടിബറ്റിനെ പോലെ സ്വയംഭരണാധികാരമുണ്ടെന്ന് തത്വത്തില്‍ പറയുന്നുണ്ടെങ്കിലും പ്രായോഗികമായി ചൈനീസ് സര്‍ക്കാറിന്റെ അടച്ചുകെട്ടിയ നിയന്ത്രണത്തിലാണീ ദേശം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉയ്ഗൂര്‍മാര്‍ ഈ പ്രദേശത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുവെങ്കിലും 1949 ല്‍ ചൈനയുടെ പുതിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായി.
ചൈനയിലെ സിന്‍ജിയാങ് പ്രദേശം
മരുഭൂമികളുടെയും പര്‍വതങ്ങളുടെയും വിശാലമായ പ്രദേശമാണ് സിന്‍ജിയാങ്. എണ്ണയും പ്രകൃതിവാതകങ്ങളും കൊണ്ട് സമ്പന്നമായ ഭൂമി. മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും കടന്നുപോവുന്ന ഇടമായതിനാല്‍ ചൈന സിന്‍ജിയാങ്ങിനെ അതി പ്രധാന വ്യാപാര സാധ്യതയുള്ള മേഖലയായി കാണുന്നു.
ചൈനയുടെ പുതിയ സ്വപ്ന പദ്ധതിയായ ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ കടന്നുപോവുന്നതും സിന്‍ജിയാങ്ങിലൂടെയാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യമാഗ്രഹിക്കുന്ന അവിടെയുള്ള മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ചൈനയുടെ പുതിയ വ്യാപാര- മൂലധന താല്‍പര്യങ്ങളുടെ കണ്ണിലെ വലിയ കരടാണ്. ആ കരടിനെ നിര്‍മാര്‍ജ്ജനം ചെയ്യുക എന്നത് അവരുടെ ഏറ്റവും അടിയന്തിരമായ ആവശ്യമായിരുന്നു.
ഉയ്ഗൂര്‍ മുസ്‌ലിങ്ങള്‍ക്കെതിരില്‍ ചൈന നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇതിനകം ലോകമറിഞ്ഞതാണ്. ചൈന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തതായും ഉയ്ഗൂര്‍ ജനതക്കെതിരെ വംശഹത്യ നടത്തിയെന്നും തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രമുഖ മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റിയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘പുന:ര്‍ വിദ്യാഭ്യാസ ക്യാമ്പുകള്‍’ എന്ന പേരിട്ട് വിളിക്കുന്ന വലിയ തടവറ ശൃംഖലയില്‍ വര്‍ഷങ്ങളായി ചൈന അനധികൃതമായി പത്ത് ലക്ഷത്തിലേറെ ഉയ്ഗൂര്‍മാരെ തടവിലിട്ടിട്ടുണ്ടെന്ന് ഈ സംഘടനകള്‍ പുറത്തുവിട്ടു. ഉയ്ഗൂര്‍മാരെ നിര്‍ബന്ധിത തൊഴിലാളികളായി ഉപയോഗിക്കുന്നുതിനും സ്ത്രീകളെ നിര്‍ബന്ധിതമായി വന്ധ്യംകരിച്ചതിനും തെളിവുകളുണ്ട്.
സിന്‍ജിയാങ്ങിലെ ഉയിഗുര്‍ മുസ്‌ലിങ്ങള്‍. ഫോട്ടോ: എറിക് ലാഫോര്‍ഗ്
കര്‍ശനമായ അച്ചടക്കവും കടുത്ത ശിക്ഷകളുമുള്ള ഉയര്‍ന്ന സുരക്ഷാ ജയിലുകളാണിവയെന്ന് ‘ചൈന കേബിളുകള്‍’ എന്ന പേരില്‍ ചോര്‍ന്ന രേഖകള്‍ വ്യക്തമാക്കിയിരുന്നു. ക്യാമ്പുകളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ തങ്ങള്‍ നേരിട്ട ശാരീരികവും മാനസികവും ലൈംഗികവുമായ ക്രൂരപീഡനങ്ങള്‍ വിവരിച്ചിട്ടുണ്ട്. കൂട്ട ബലാത്സംഗത്തെക്കുറിച്ചും പലതരം ലൈംഗിക പീഡനത്തെക്കുറിച്ചും സ്ത്രീകള്‍ പങ്കുവെച്ചിട്ടുണ്ട്.
ലോകത്തിലെ പരുത്തിയുടെ അഞ്ചിലൊന്ന് ഉത്പാദിപ്പിക്കുന്നത് സിന്‍ജിയാങ്ങിലാണ്. ആ പരുത്തി കയറ്റുമതിയില്‍ ഭൂരിഭാഗവും നിര്‍ബന്ധിത തൊഴിലാളികളാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ പരുത്തി പറിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് 2020 ഡിസംബറില്‍ ബി.ബി.സി കണ്ടെത്തി. പുന:ര്‍വിദ്യാഭ്യാസ ക്യാമ്പുകള്‍ എന്ന പേരില്‍ നിര്‍മിച്ച ക്യാമ്പുകള്‍ക്കകത്ത് ഇതിനായി ഫാക്ടറികള്‍ നിര്‍മ്മിച്ചതിന് തെളിവുകളുണ്ട്.
മുസ്‌ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് പ്രദേശത്തെ മതപരമായ ആചാരങ്ങള്‍ നിരോധിക്കുന്നതിനും പള്ളികളും ഖബറിടങ്ങളും നശിപ്പിച്ചതിനും ചൈനക്കെതിരെ തെളിവുകള്‍ പുറത്തുവന്നു. തങ്ങളുടെ സംസ്‌കാരം മായ്ച്ചുകളയാനുള്ള ഭീഷണിയെ ഭയപ്പെടുന്നുവെന്ന് ഉയിഗൂര്‍ പ്രവര്‍ത്തകര്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വണ്ടികളുടെ നമ്പര്‍ പ്ലേറ്റുകള്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യക്തികളുടെ മുഖങ്ങള്‍ വരെ സ്‌കാന്‍ ചെയ്യുന്ന പൊലീസ് ചെക്ക് പോയിന്റുകള്‍, ക്യാമറകള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യാപകമായ നിരീക്ഷണ ശൃംഖലയാണ് സിന്‍ജിയാങ്ങിനെ അകത്തും പുറത്തും വലയം ചെയ്തിരിക്കുന്നത്. മൊബൈല്‍ ആപുകള്‍ ഉപയോഗിച്ച് പോലീസ് ആളുകളുടെ പെരുമാറ്റം നിരീക്ഷിക്കുന്നു. അവര്‍ എത്ര വൈദ്യുതി ഉപയോഗിക്കുന്നു, എത്ര തവണ അവരുടെ മുന്‍വാതില്‍ ഉപയോഗിക്കുന്നു എന്നതടക്കം സിന്‍ജിയാങ്ങുകാരുടെ സ്വകാര്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെട്ടിരിക്കുന്നു.
തടവുകാരുടെ പീഡന സാക്ഷ്യങ്ങള്‍ പുറത്തുവന്നതോടെ ചൈനീസ് തടവറകളുടെ മനുഷ്യത്വ രഹിത സ്വഭാവം ലോകമെമ്പാടും ആശങ്കള്‍ ഉയര്‍ത്തി. സിന്‍ജിയാങ്ങില്‍ ചൈന വംശഹത്യ നടത്തിയെന്ന് ആരോപിച്ച നിരവധി രാജ്യങ്ങളില്‍ അമേരിക്കയുമുണ്ട്. എന്നിട്ടും സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ലംഘന ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയാണ് ചെയ്തത്. ഈ മേഖലയിലെ വിഘടനവാദത്തെയും ഇസ്‌ലാമിസ്റ്റ് തീവ്രവാദത്തെയും ചെറുക്കാനായുള്ള ‘റീ-എജുക്കേഷന്‍’ ക്യാമ്പുകള്‍ ആണെന്നാണ് അന്യായ തടവറകളെക്കുറിച്ചുള്ള ചൈനയുടെ അവകാശ വാദം.
സിന്‍ജിയാങ്ങിലെ ഉയിഗുര്‍ മുസ്‌ലിങ്ങള്‍
ചൈനീസ് അധികാരികള്‍ ഉയ്ഗൂറുകളുടെ വിശ്വസ്തതയില്‍ പണ്ടേ സംശയിച്ചിരുന്നു. മധ്യേഷ്യയെ ചുറ്റിപ്പറ്റിയുള്ള വിശാലമായ മേഖലയിലെ തീവ്രവാദികള്‍ സ്വതന്ത്ര മാതൃരാജ്യത്തിന് ഇവിടെ ശ്രമിക്കുന്നുവെന്നായിരുന്നു അതിനവര്‍ നിരത്തിയത്. ഉയ്ഗൂറുകാര്‍ക്കുനേരെയുള്ള നിരന്തരമായ അടിച്ചമര്‍ത്തല്‍ അഫ്ഗാനില്‍ നിന്നുള്ള തീവ്രവാദികള്‍ക്ക് അവരെ പിന്തുണക്കാന്‍ പ്രചോദനം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ‘സിന്‍ജിയാങ് വിഘടനവാദ ശക്തികള്‍ക്ക് താലിബാന്‍ ആയുധ പിന്തുണ നല്‍കുന്നു’എന്നതടക്കം ചൈനീസ് അധികൃതര്‍ എഴുതി.
ഇതിന്റെ പേരില്‍ നിരപരാധികളായ സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഉയ്ഗൂര്‍മാര്‍ വിചാരണകളില്ലാതെ തടങ്കല്‍പ്പാളയങ്ങളില്‍ എറിയപ്പെട്ടു. 2017 മുതല്‍, ചൈനയിലെ എല്ലാ മതങ്ങളും ചൈനീസ് ആയിരിക്കണമെന്ന് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഒരു ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ കൂടുതല്‍ അടിച്ചമര്‍ത്തലുകള്‍ ഉണ്ടായി. സമീപ ദശകങ്ങളില്‍ ഹാന്‍ ചൈനീസുകാരുടെ (ചൈനയുടെ വംശീയ ഭൂരിപക്ഷം) ഒരു വലിയ കുടിയേറ്റം സിന്‍ജിയാങ്ങിലേക്ക് ഉണ്ടായി. ഉയ്ഗൂര്‍ സംസ്‌കാരം തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് ചൈന ആസൂത്രിതമായി ചെയ്തതാണിതെന്ന ആരോപണമുയര്‍ന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ പന്ത് ചൈനയുടെ കോര്‍ട്ടിലാണ്. ഈ കളിയില്‍ ഏറ്റവും ഭയന്നുവിറച്ചിരിക്കുന്നവരാണ് ഉയ്ഗൂര്‍ മുസ്‌ലിങ്ങള്‍. അവരെ സമ്പൂര്‍ണമായി കീഴടക്കി സിന്‍ജിയാങ്ങിലെ വ്യാപാര താല്‍പര്യം സംരക്ഷിക്കാന്‍ ചൈന കൂട്ടുപിടിച്ചത് താലിബാനെ തന്നെയാണ്. മുള്ളിനെ മുള്ളാല്‍ എടുക്കുക എന്ന തന്ത്രം.
കാബൂളിലെ പാശ്ചാത്യ പിന്തുണയുള്ള ഗവണ്‍മെന്റിന്റെ പതനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറി അധികാരം പങ്കിടുന്ന ചൈനയും താലിബാനുമാണ് മേഖലയിലെ പുതിയ സഖ്യകക്ഷികള്‍. വിശ്വാസത്തിന്റെ പേരിലുള്ള പേരാട്ടത്തിലാണ് തങ്ങളെന്ന് അവകാശപ്പെടുന്ന താലിബാന്‍, ഉയ്ഗൂര്‍ മുസ്‌ലിങ്ങളുടെ വംശഹത്യാ പദ്ധതിയില്‍ ചൈനക്കൊപ്പം അണിചേര്‍ന്നിരിക്കുന്നു. അപ്പോള്‍ വാസ്തവത്തില്‍ എന്താണ് താലിബാന്‍ എന്ന ചോദ്യം കൂടി ഉന്നയിക്കേണ്ടിവരുന്നു.