| Monday, 8th April 2019, 1:57 pm

ചിത്രത്തിന്റെ പേര് പോലെ തന്നെ ഉയരങ്ങളിലെത്തട്ടെ; 'ഉയരെ'ക്ക് ആശംസകളുമായി മമ്മൂട്ടി, ചിത്രങ്ങള്‍ കാണാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഒരിടവേളക്ക് ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ കീഴില്‍ എസ് ക്യൂബ് നിര്‍മ്മിക്കുന്ന ചിത്രം ഉയരെ ക്ക് ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. ചിത്രത്തിന്റെ പേര് പോലെ തന്നെ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ചിത്രത്തിന്റെ ഓഡീയോ ലോഞ്ചിനിടെ മമ്മൂട്ടി ആശംസിച്ചു.

കൊച്ചി പനമ്പിള്ളി നഗറിലെ അവന്യൂ സെന്ററില്‍ നടന്ന ചടങ്ങിലാണ് മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ സി.ഡി പി.വി.ചന്ദ്രന് കൈമാറി പ്രകാശനം ചെയ്തത്.

പാര്‍വ്വതി പ്രധാനവേഷത്തില്‍ എത്തുന്ന ഉയരെയില്‍ ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ‘ഉയരെ’യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തില്‍ സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

നിര്‍മാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് എസ് ക്യൂബിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. മറ്റു മേഖലകളില്‍ ബിസിനസ്സ് ചെയ്യാമായിരുന്നിട്ടും മൂവരും സിനിമയിലേക്ക് വന്നതില്‍ സന്തോഷമുണ്ടെന്നും ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞു. സ്ത്രീകള്‍ അധികമില്ലാത്ത മേഖലയിലേക്കാണ് മൂന്ന് പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വം കടന്നുവരുന്നത്. അവരുടെ ചിത്രത്തിന്റെ പേരുപോലെ തന്നെ ‘ഉയരെ’ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം നിര്‍ത്തിയത്.

ചടങ്ങില്‍ സംവിധായകന്‍ മനു അശോകന്‍, വി.കെ.പ്രകാശ്, അഭിനേതാക്കളായ ടോവിനോ തോമസ്, ആസിഫ് അലി, അനാര്‍ക്കലി മരയ്ക്കാര്‍, ഗോവിന്ദ് പത്മസൂര്യ, പ്രേം പ്രകാശ്, തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more