കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അന്ന് ഡ്രിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്ന ഒരു പെണ്‍സുഹൃത്തിനോട് വളരെ കാര്യമായി ഒരു ചോദ്യം ചോദിച്ചത്. എന്തിനാണ് ഇത്രയും സഹികെട്ട് അവളുടെ പ്രണയം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന്. അന്ന് അവള്‍ പറഞ്ഞ ഉത്തരം ഇപ്പോഴും കാതിലുണ്ട്. ”ചുറ്റും ഒരുപാട് ആളുകള്‍ ഉള്ളപ്പോഴും വല്ലാതെ ഒറ്റപ്പെട്ട ഒരു സമയത്ത് എനിക്ക് ഒന്നും ആവശ്യപ്പെടാതെ ഒരു സപ്പോര്‍ട്ട് തന്നത് അവനാണ്….. ഇനി അവന്‍ എത്ര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാലും അന്നത്തെ ആ നിമിഷങ്ങള്‍ മതി ജീവിതകാലം മുഴുവന്‍ അവനെ വിശ്വസിച്ച് സ്‌നേഹിക്കാന്‍”
……………………………………
ചിലപ്പോഴെങ്കിലും ചുറ്റുമുള്ളതില്‍ നിന്നെല്ലാം ഓടി……. പൂര്‍ണമായി നമ്മള്‍ ഇഷ്ടപ്പെടുന്ന നമ്മളാവാന്‍ പലരും ആഗ്രഹിക്കാറുണ്ട്. പലര്‍ക്കും അതിന് കഴിയാറില്ല. ചുറ്റുമുള്ള ബന്ധങ്ങളോ ബാധ്യതകളൊക്കെയാവും അതിന് കാരണം. പലപ്പേഴും വിധിയെ പഴിച്ചുകൊണ്ട് ജീവിക്കുന്നവര്‍. എന്നാല്‍ ചിലരുണ്ട് അതില്‍ വിജയം കാണുന്നവര്‍. വിധിയോട് പോരാടി ചുറ്റുമുള്ളതിനെ സാധ്യതകളാക്കി മാറ്റുന്നവര്‍……. അത്തരമൊരാളുടെ കഥയാണ് ഉയരെ.
പല്ലവിരവീന്ദ്രന്‍ എന്ന പെണ്‍കുട്ടി. ചെറുപ്പത്തിലാണ് അവളുടെ ഉള്ളില്‍ പൈലറ്റ് എന്ന ജോലി മനസില്‍ കയറിയത്. അവളുടെ പ്രായം കൂടുന്നതിന് അനുസരിച്ച് പൈലറ്റ് എന്ന സ്വപ്‌നവും അവളുടെ കൂടെ വളര്‍ന്നു. ഒടുവില്‍ ആ സ്വപ്‌നത്തിന്റെ അരികില്‍ വരെ അവളെത്തി പക്ഷേ അവള്‍ എറ്റവും ഇഷ്ടപ്പെട്ടിരുന്ന വ്യക്തി തന്നെ ആ സ്വപ്‌നം തട്ടിത്തെറിപ്പിക്കുന്നതിനും കാരണമായി.
ഗോവിന്ദ് എന്ന അവളുടെ കാമുകന്‍ ജീവിതത്തില്‍ അവളോട് പല കാര്യങ്ങള്‍ക്കും കലഹിക്കുന്ന അയാളുടെ ആഗ്രഹത്തിന് അനുസരിച്ച് പല്ലവിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നയാളാണ്. തങ്ങള്‍ക്ക് വേണ്ടി സ്ത്രീകളെ ഒരുക്കിയെടുക്കുന്ന ‘പുരുഷ’ സമൂഹത്തിന്റെ പ്രതീകമാണ് അയാള്‍. അവള്‍ക്ക് ഇഷടമുള്ള വസ്ത്രത്തിനെ കുറ്റം പറയുന്ന, പരിചയമുള്ള പുരുഷന്റെ കുടെ സഞ്ചരിച്ചാല്‍ കൂടെ കിടക്കാന്‍ പോകുന്നതായി ചിത്രീകരിക്കുന്ന, എതിരഭിപ്രായം പറഞ്ഞാല്‍ ഒച്ചയുയര്‍ത്തി നിശ്ബദരാക്കുന്ന, തങ്ങളുടെ ഇഷ്ടങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുന്ന പുരുഷന്‍. പക്ഷേ അയാളെയാണ് പല്ലവി ഇഷ്ടപ്പെട്ടത്. ചിത്രത്തില്‍ ഒരു രംഗത്തില്‍ പല്ലവിയുടെ അച്ഛന്‍ അവിശ്വസനീയതയോടെ അവളോട് ചോദിക്കുന്നുണ്ട് അവനെ തന്നെയാണോ പല്ലവി ഇഷ്ടപെട്ടതെന്ന്……..
ആസിഡ് ആക്രമണത്തിന് ഇരയായ ഒരു യുവതിയുടെയും അവളുടെ അതിജീവനത്തിന്റെയും അതിലൂടെ പ്രേക്ഷകരെ പ്രചോദിപ്പിക്കാനുമുള്ള ഒരു ക്ലീഷേ കഥയല്ല ഉയരെ പറയുന്നത്. ബന്ധങ്ങള്‍ എങ്ങനെയൊരാളെ ദുര്‍ബലരും ശക്തരുമാക്കുന്നുണ്ട്. നമ്മുടെ നിയമങ്ങളും വ്യവസ്ഥകളും എങ്ങിനെ പുരുഷന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കി എന്നൊക്കെ ഈ ചിത്രം കാണിച്ച് തരുന്നുണ്ട്.
ചിത്രത്തില്‍ പല്ലവി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. സ്ത്രീകള്‍ കുടുതല്‍ സംസാരിക്കുന്നവരും പുരുഷന്മാര്‍ കുറച്ച് സംസാരിക്കുന്നവരും ആണെന്ന കണ്ടുപിടുത്തം തീര്‍ച്ചയായും ഒരു പുരുഷന്റേത് ആയിരിക്കും എന്ന്. ഭാവിയും കുടുംബവും പുരുഷന്‍മാരുടെ ലോകത്ത് മാത്രമായി ഒതുക്കാന്‍ നോക്കുന്നിടത്ത് പല്ലവി ഒരു വാക്ക് പോലും സംസാരിക്കാതെ വളരെ നിശബ്ദമായി മുഖത്തോട് മുഖം നോക്കി നിന്ന് തന്റെ നിശ്ചയദാര്‍ഢ്യം കാണിക്കുന്ന ഒരു രംഗം ചിത്രത്തില്‍ ഉണ്ട്.
ശരിക്കും സൗന്ദര്യം എന്ന സങ്കല്‍പം പോലും ചിലര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ക്ക് അനുസരിച്ചാണ്. പാര്‍വ്വതിയുടെ കഥാപാത്രം പറയുന്ന പോലെ ഉറപ്പായും അതും ഒരു പുരുഷന്‍ ഉണ്ടാക്കിയ നിയമമായിരിക്കും.
കരുത്തയായ പല്ലവി എന്ന സ്ത്രീയുടെ ജീവിതത്തിലെ അച്ഛന്‍, കാമുകന്‍, സുഹൃത്ത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പുരുഷന്മാരെ ചിത്രം കാണിച്ച് തരുന്നുണ്ട്.
കഴിഞ്ഞ കുറച്ചധികം കാലമായി പാര്‍വ്വതിക്കെതിരെ സൈബര്‍ ലോകത്ത് നടക്കുന്ന അധിക്ഷേപങ്ങളും തെറിവിളികളും മലയാളിക്ക് പരിചിതമാണ്. അവളെ തെറിവിളിക്കാം അധിക്ഷേപിക്കാം കളിയാക്കാം പക്ഷേ ഒരിക്കലും മിണ്ടാതെയാക്കി അവരെ അരികില്‍ ഇരുത്താന്‍ ആര്‍ക്കും കഴിയില്ല അവര്‍ അത് ആഗ്രഹിക്കുന്നതുവരെയെങ്കിലും എന്നത് ഊട്ടി ഉറപ്പിക്കുന്നതാണ് ഉയരെയിലെ അവരുടെ പെര്‍ഫോമന്‍സ്.
പല്ലവിയായി വന്ന പാര്‍വ്വതിയല്ലാതെ മറ്റൊരാളെയും സങ്കല്‍പ്പിക്കാന്‍ പറ്റാത്ത രീതിയില്‍ മനോഹരമാക്കാന്‍ പാര്‍വ്വതിക്കായി. പല്ലവി അനുഭവിക്കുന്ന സന്തോഷവും സ്‌നേഹവും സങ്കടവും ഒറ്റപ്പെടലും ഭയവും എല്ലാം പ്രേക്ഷകനെ അനുഭവിക്കാന്‍ പാര്‍വ്വതിയെന്ന ‘സൂപ്പര്‍ സ്റ്റാറിന്’ സാധിച്ചു. കഥാപാത്രത്തിനെ കുറിച്ച് കൂടുതല്‍ പറയുന്നത് ഒരു പക്ഷേ സ്‌പോയിലര്‍ ആവാന്‍ സാധ്യതയുള്ളത് കൊണ്ട് അധികം പറയുന്നില്ല.
എടുത്ത് പറയേണ്ട മറ്റൊരാള്‍ ആസിഫ് അലിയാണ്. എറെ അത്ഭുതപ്പെടുത്തിയിട്ടുള്ള യുവതാരങ്ങളില്‍ ഒരാളാണ് ആസിഫ്. ചിത്രത്തില്‍ വന്ന എല്ലാം സീനുകളിലും ഒരിക്കലും ആസിഫ് എന്ന നടനെ കാണാന്‍ കഴിയില്ല. അത്രയ്ക്ക് മനോഹരമായി ഡ്രാഫ്റ്റ് ചെയത് എടുത്താണ് ഗോവിന്ദിനെ ആസിഫ് അവതരിപ്പിച്ചത്.
സിദ്ധിഖിന്റെ അച്ഛന്‍ കഥാപാത്രം അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണ്. മക്കള്‍ക്ക് ആത്മവിശ്വാസം കോരിക്കൊടുക്കുന്ന, സങ്കടം വരുമ്പോള്‍ തൊണ്ടയിടറുന്ന സ്ഥിരമായി കാണുന്ന കഥാപാത്രല്ല ഇതില്‍ സിദ്ധിഖ്. തന്റെ മകള്‍ക്ക് അവളുടെ വ്യക്തിത്വം അംഗീകരിച്ച് അവളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ പ്രചോദനമാകുന്ന ഒരച്ഛന്‍. ഒരു ഘട്ടത്തില്‍ തളര്‍ന്നു പോകുന്ന പല്ലവിയെ, സ്വപ്‌നങ്ങളുടെ ആകാശത്തിലേക്ക് ടേക്ക് ഓഫ് ചെയ്യിപ്പിക്കുന്ന ഫ്‌ലൈറ്റിന് താഴെ കാറില്‍ ചാരി നില്‍ക്കുന്ന സിദ്ധിഖിന്റെ ഒരു സീനുണ്ട്. മനോഹരമായ ഒരു സീന്‍.
അനാര്‍ക്കലി മരക്കാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്. ഒരു പക്ഷേ അനാര്‍ക്കലി ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും മനോഹരമായ റോള്‍ ഇതാണെന്ന് പറയാം. പല്ലവിയ്ക്ക് അവളുടെ ജീവിതത്തില്‍ ആവശ്യമുള്ളപ്പോള്‍ ഒരു താങ്ങാവുന്നത് അനാര്‍ക്കലി അവതരിപ്പിക്കുന്ന കഥാപാത്രമാണ്. ജീവിതത്തില്‍ അഞ്ച് കാര്യങ്ങളില്‍ ഒന്നാവണം റിലേഷന്‍ഷിപ്പ് എന്നും അഞ്ചും ഒന്നിലേക്ക് ചുരുക്കരുതെന്നും ഇടയ്ക്കിടയ്ക്ക് പല്ലവിയെ ഓര്‍മ്മിപ്പിക്കുന്ന. തളരാന്‍ എല്ലാ സാധ്യതയുമുള്ളിടത്തുനിന്ന് പല്ലവിയെ കൈപിടിച്ച് മുന്നോട്ട് നടത്തുന്നവള്‍.
ചിത്രത്തില്‍ ടൊവിനോയുടെ വിശാല്‍ എന്ന കഥാപാത്രം പല്ലവിയുടെ ജീവിതത്തില്‍ നിര്‍ണായക ഘട്ടത്തിലാണ് അവളുടെ ജീവിതത്തിലേക്ക് വരുന്നത്. നഷ്ടപെട്ടുപോകുമായിരുന്ന അവളുടെ ജീവിതം നഷ്ടമാവാതെ വീണ്ടും കൈപിടിയിലൊതുക്കാന്‍ സഹായിക്കുന്ന അവളുടെ എറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍. അവളെ വിശ്വസിച്ച് തന്റെ ജീവിതം പോലും റിസ്‌ക്കിലാക്കി കൊണ്ട് അയാള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അണ് അവളെ മുന്നോട്ട് നയിച്ചത്. പക്ഷേ അത് ഒരിക്കലും അവളോട് ഉള്ള സഹതാപത്തിന്റെ പുറത്തായിരുന്നില്ല. അവളുടെ വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനത്തെയായിരുന്നു.
പ്രതാപ് പോത്തന്‍, സംയുക്ത മേനോന്‍, പ്രേം പ്രകാശ്, തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരിടവേളയ്ക്ക് ശേഷം പുതിയ രൂപത്തില്‍ എത്തുന്ന ചിത്രമാണിത്. എസ് ക്യൂബ് എന്ന പേരില്‍ ഷെനുഗ, ഷെഗ്ന,ഷെര്‍ഗ എന്നീ നവാഗതരായ നിര്‍മ്മാതക്കള്‍ക്ക് ഇതിലും നല്ല തുടക്കം ലഭിക്കാനില്ല. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ, തങ്ങളുടെ മുന്‍ ചിത്രങ്ങളെ പോലെ ഇരുവരും അതി മനോഹരമായി ഈ ചിത്രവും അവതരിപ്പിച്ചിട്ടുണ്ട്.
മനു അശോകന്‍ എന്ന പുതുമുഖ സംവിധായകാ…….. മലയാള സിനിമയുടെ ഭാവി ഇനി നിങ്ങളുടെ കൂടെ കൈയ്യിലാണ്. ആദ്യ ചിത്രമെന്ന് തോന്നിക്കാത്ത രീതിയില്‍ മനു അശോകന് ഉയരെ അവതരിപ്പിക്കാന്‍ ആയി. ഇതുപോലെയൊരു ചിത്രം സംവിധാനം ചെയ്യാന്‍ കാണിച്ച നിങ്ങളുടെ തീരുമാനത്തെ അഭിനന്ദിച്ചേ കഴിയു.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത മുകേഷ് മുരളീധരനും പ്രത്യേക കൈയ്യടി. ചിത്രത്തിന്റെ മൂഡ് ചോര്‍ന്ന് പോകാതെ അതിമനോഹരമായി മുകേഷ് തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. വിമാനത്തില്‍ നിന്നുള്ള പല ദൃശ്യങ്ങളും കണ്ട് പഴകാത്തതായിരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ടേക്ക് ഓഫിന്റെ സംവിധായകന്‍ കൂടിയായ മഹേഷ് നാരായണനാണ്.
ചിത്രത്തിന്റെ സംഗീതവും ബി.ജി.എമ്മും ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിന്റെ മുഴുവന്‍ ഫീലും ഉയരെ എന്ന ബി.ജി.എം സ്‌കോറിന് തരാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് സിനിമകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. അതിനിടയില്‍ ഈ ചിത്രത്തെ കാണാതെ പോകരുത്. പക്ഷേ ഒന്നുണ്ട് പാര്‍വ്വതിയുടെ സിനിമകള്‍ എന്തുവന്നാലും കാണില്ലെന്ന് ശപഥം ചെയ്തവര്‍ ഈ ചിത്രം കാണേണ്ട…. കാരണം നിങ്ങള്‍ക്ക് ആവശ്യമുള്ള ഒന്നും ഇതിലില്ല….
DoolNews Video