കോഴിക്കോട് കലക്ടറായിരുന്ന കാലത്ത് അനുഭവങ്ങള്‍ പങ്കുവെച്ച് യു.വി ജോസ്. നിപ പശ്ചാത്തലമാക്കിയൊരുക്കിയ വൈറസ് എന്ന ചിത്രം പുറത്തിറങ്ങിയ സാഹചര്യത്തില്‍ വൈറസില്‍ കലക്ടറെ അവതരിപ്പിച്ച ടൊവിനോയുമായുള്ള സംവാദത്തിലാണ് ജോസ് തന്റെ അനുഭവങ്ങള്‍ പറഞ്ഞത്.
ദുരിതങ്ങളുണ്ടാവുമ്പോള്‍ സ്‌നേഹവും കൂട്ടായ്മയും പ്രകടിപ്പിക്കാന്‍ കോഴിക്കോട്ടുകാര്‍ക്കൊരു പ്രത്യേക കഴിവുണ്ട്. നിപ കോഴിക്കോട്ടല്ല ആദ്യം വന്നതെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി ബുദ്ധിമുട്ടായേനെയെന്നും യു.വി ജോസ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുന്നു.
‘കോഴിക്കോട്ടെ ആളുകള്‍ പെട്ടെന്ന് പ്രതികരിക്കുന്നവരാണ്. നേരത്തേ പറഞ്ഞല്ലോ, കലാകാരന്മാരോട് ഇഷ്ടമാണെന്ന്. കലക്ടര്‍മാരോട് ചോദിച്ചുനോക്ക്. എല്ലാവര്‍ക്കും ജോലി ചെയ്യാന്‍ കൂടുതലിഷ്ടം കോഴിക്കോട്ടായിരിക്കും.’ അദ്ദേഹം പറഞ്ഞു.
പ്രളയകാലത്തെ കോഴിക്കോട്ടുകാരുടെ ഇടപെടലിനെയും അദ്ദേഹം പുകഴ്ത്തി.
‘കോട്ടയത്തും ആലപ്പുഴയിലുമൊക്കെ പ്രശ്‌നമായപ്പോള്‍ ഇവിടെ ഏതാണ്ട് കംഫര്‍ട്ട് സ്റ്റേജിലായിരുന്നു. പക്ഷേ അതിനു മുമ്പ് നിപ നമ്മളെ അടിച്ചുപരത്തിയിട്ടിരിക്കുകയായിരുന്നു. കോഴിക്കോട് അക്കാലത്ത് ആളുകള്‍ പുറത്തിറങ്ങുക പോലുമില്ലായിരുന്നു. പ്രളയം വന്ന സമയത്ത് തോന്നി, ഇതാണ് അവസരം, കോഴിക്കോട്ടുകാരുടെ സ്‌നേഹം തിരിച്ചു കാണിച്ചുകൊടുക്കാന്‍.’
കോട്ടയം കളക്ടറെ വിളിച്ചു. കുറച്ചു സാധനങ്ങളുണ്ട്, അയയ്ക്കട്ടെ എന്നു ചോദിച്ചു. സാധനങ്ങള്‍ക്കുവേണ്ടി ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റിനുണ്ടായ പ്രതികരണം ചിന്തിക്കാനാവില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നത് രണ്ട് ചാക്ക്. കിട്ടുന്നത് രണ്ട് ടണ്ണും. അതായിരുന്നു കോഴിക്കോട്ടുകാരുടെ സമീപനം.’ അദ്ദേഹം പറഞ്ഞു.