വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ വിഭാഗങ്ങളെ ഏക സിവില്‍ കോഡ് ബാധിക്കില്ല: കേന്ദ്രമന്ത്രി
national news
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ വിഭാഗങ്ങളെ ഏക സിവില്‍ കോഡ് ബാധിക്കില്ല: കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th July 2023, 1:00 pm

 

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ വിഭാഗക്കാരുടെ അവകാശത്തെയോ ആചാരത്തെയോ ഏക സിവില്‍ കോഡ് ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി എസ്.പി ബാഗേല്‍. ഗോത്ര വര്‍ഗക്കാരുടെ സംസ്‌കാരത്തെയും വൈവിധ്യത്തെയും ബി.ജെ.പി ബഹുമാനിക്കുന്നുണ്ടെന്നും അവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിയമവും നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിതയെ ബി.ജെ.പി രാജ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഗോത്രവിഭാഗത്തില്‍ നിന്നുള്ള നിരവധി എം.പിമാരും, എം.എല്‍.എമാരും മന്ത്രിമാരും ഞങ്ങള്‍ക്കുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ സംസ്‌കാരത്തെ പാര്‍ട്ടി ബഹുമാനിക്കുന്നുണ്ട്. ഒരു മതത്തെയും സാമൂഹിക ആചാരത്തെയും മുറിവേല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ഭരണഘടനയിലെ ഷെഡ്യൂള്‍ ആറ് പ്രകാരം, അസം, മേഘാലയ, ത്രിപുര, മിസോറാം തുടങ്ങിയ ഗോത്രവര്‍ഗ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ അനുമതി കൂടാതെ കേന്ദ്രത്തിന് നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗക്കാരെ ഏക സിവില്‍ കോഡില്‍ നിന്നും ഒഴിവാക്കണമെന്ന് നിയമകാര്യ പാര്‍ലമെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സുശീല്‍ കുമാര്‍ മോദി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റ് വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും സുശീല്‍ കുമാര്‍ മോദി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഏക സിവില്‍ കോഡിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഏക സിവില്‍ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ മാറ്റുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രധാനമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രധാനമന്ത്രി ആദ്യം രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി എന്നിവയെക്കുറിച്ചാണ് പ്രതികരിക്കേണ്ടതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.

ഏകീകൃത സിവില്‍ കോഡ് ആദ്യം ഹിന്ദു മതത്തില്‍ കൊണ്ടുവരണമെന്നായിരുന്നു ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞത്. ‘രാജ്യത്തെ ഏത് ക്ഷേത്രത്തിലും എസ്.സി-എസ്.ടി ഉള്‍പ്പെടെയുള്ള എല്ലാവരെയും പൂജ ചെയ്യാന്‍ അനുവദിക്കണം.

ഭരണഘടന എല്ലാ മതങ്ങള്‍ക്കും സംരക്ഷണം നല്‍കിയതുകൊണ്ട് മാത്രം ഞങ്ങള്‍ക്ക് ഏകീകൃത സിവില്‍ കോഡ് ആവശ്യമില്ല. ഇത് മൗലിക അവകാശങ്ങളുടെ ലംഘനമാണ്. സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്,’ ഇളങ്കോവന്‍ പറഞ്ഞു.

Content Highlight: UUC wont affect north east tribals