ഇന്നലെ രാത്രി ഒരമ്മ വിളിച്ചു. പാതി ചിരിച്ചും പാതി കരഞ്ഞും അവര്‍ പറഞ്ഞു: രാത്രി വൈകി വന്ന മോനോട് എവിടെയായിരുന്നു നീ എന്ന് ചോദിച്ചതിനു എന്റെ പൊന്നുമോന്‍ എന്റെ മുഖത്തടിച്ചു. നെഞ്ചു തകര്‍ന്നുപോയി ഷൌക്കത്തെ..
പിന്നെ അവര്‍ ഒന്നും പറഞ്ഞില്ല. കുറെ നേരം ഞങ്ങള്‍ മൌനമായി അങ്ങനെ ഇരുന്നു. ഉത്തരങ്ങളില്ലാത്ത എത്രയോ നോവുകളാണ് ജീവിതത്തെ വലയം ചെയ്തു നില്‍ക്കുന്നതെന്നോര്‍ത്ത് നെടുവീര്‍പ്പിടുകയല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാനാവുക….
ജീവിതത്തിന്റെ അര്‍ത്ഥം
ഒരാള്‍ ഉപദേശംതേടി ഒരു ഗുരുവിന്റെ അടുത്തെത്തി. കുറച്ചുനേരത്തെ മൌനത്തിനു ശേഷം ഗുരു ചോദിച്ചു: എന്താ വന്നത്?
ജീവിതത്തിന്റെ അര്‍ത്ഥം അറിയണം?
ഗുരു: എത്ര വയസ്സായി?
അമ്പതു കഴിഞ്ഞു.
ഗുരു: അപ്പോള്‍ ഇത്രയും നാള്‍ നിങ്ങള്‍ അനുഭവിച്ചത് പിന്നെന്താണ്?
അയാള്‍ക്ക് ഒന്നും മനസ്സിലായില്ല. ഗുരുവിന്റെ കണ്ണിലേക്കുതന്നെ ഉറ്റു നോക്കിയിരിക്കുന്ന അയാളോട് ഗുരു തുടര്‍ന്നു പറഞ്ഞു: ഇത്രയുംനാള്‍ നിങ്ങള്‍ ജീവിച്ചതുതന്നെയാണ് ജീവിതത്തിന്റെ അര്‍ത്ഥം. അതിനു പുറത്തു ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നതിനേക്കാള്‍ വലിയ നിരര്‍ത്ഥകതയില്ല.
ഒഴുക്ക്
ധ്യാനപ്പാറയില്‍ ആകാശംനോക്കി മലര്‍ന്നു കിടന്നപ്പോഴാണ് ജീവിതം തനിക്കു പുറത്തേക്കും ഒഴുകുന്നുണ്ടെന്ന് അവനറിഞ്ഞത്…