| Sunday, 23rd October 2022, 1:03 pm

'അനുഭവിക്കാവുന്നതൊക്കെ അനുഭവിച്ചു, നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല'; ദയാവധത്തിന് അനുമതി തേടി കൂട്ടബലാത്സം​ഗത്തിനിരയായ യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ദയാവധത്തിനായി രാഷ്ട്രപതിയെ സമീപിച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ മുപ്പതുകാരി. ഉത്തർപ്രദേശിലാണ് സംഭവം. ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള 28 വയസുള്ള മകനും ഭർത്താവിന്റെ സുഹൃത്തുക്കളുമാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും കാണിച്ചാണ് ദയാവധം വേണമെന്നാവശ്യപ്പെട്ട് യുവതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതിയത്.

പൊലീസ് മനഃപൂർവം പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുകയാ​ണെന്നും ആരോപണമുണ്ട്. പ്രതികളിൽ നിന്ന് നിരന്തരം വധഭീഷണികൾ ലഭിക്കുന്നതായും യുവതി പറയുന്നുണ്ട്.

ഒക്ടോബർ ഒമ്പതിനാണ് പുരാൻപുർ കോട്വാലി പൊലീസ് സ്റ്റേഷനിൽ യുവതി പീഡന പരാതി നൽകുന്നത്.

പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും യുവതി പറയുന്നു.

“ഞാൻ കഴിയാവുന്നത്ര പോരാടി. എനിക്ക് ഇനി നീതി ലഭിക്കുമെന്ന് കരുതുന്നില്ല. അതിനാൽ, നിങ്ങളുടെ (പ്രസിഡന്റ്) അനുമതിയോടെ എന്റെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” യുവതി രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു.

2022 ജനുവരിയിലാണ് ചണ്ഡീഗഢിലെ 55 വയസുള്ള സമ്പന്ന കർഷകനായ വ്യക്തിയുമായി യുവതിയുടെ വിവാഹം നടക്കുന്നത്. ഈ വർഷം ഏപ്രിലിൽ‌ ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള മകൻ തന്നെ ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചുവെന്നും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.

ഇക്കാര്യം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണി​പ്പെടുത്തിയതായും പരാതിയിൽ കൂട്ടിച്ചേർക്കുന്നു.

ഇയാളുമായുള്ള ബന്ധത്തിൽ യുവതി ഗർഭിണിയായിരുന്നു. പിന്നീട് ഡി.എൻ.എ ​പരിശോധന നടത്തി കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുമെന്ന് പറഞ്ഞപ്പോൾ വയറ്റിൽ തൊഴിച്ച് കുഞ്ഞിനെ ഇല്ലാതാക്കുകയായിരുന്നു.

ജൂലൈ 18നായിരുന്നു ഭർത്താവിന്റെ സുഹൃത്ത് ഫാംഹൗസിലേക്ക് കൊണ്ടുപോവുകയും അവിടെ ബന്ധുവും മറ്റ് രണ്ട് സുഹുത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തത്. വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.

ഏറെക്കാലമായിട്ടും നടപടിയുണ്ടാകാതിരുന്നതോടെ പൊലീസ് പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, കേസ്സ സങ്കീർണമാണെന്നും ന്യായമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ പ്രഭു പറയുന്നു.

Content Highlight: Uttarpradesh women asks permission for euthanasia from president after being gang raped

We use cookies to give you the best possible experience. Learn more