വീടുകള്‍ ഇടിച്ചുനിരത്തും, പൂജ മുടക്കിയാല്‍ പോകേണ്ടി വരിക ശവക്കല്ലറയിലേക്ക്; ദുര്‍ഗ പൂജക്കിടെ പൊലീസുകാരന്റെ വിദ്വേഷ പ്രസംഗം
national news
വീടുകള്‍ ഇടിച്ചുനിരത്തും, പൂജ മുടക്കിയാല്‍ പോകേണ്ടി വരിക ശവക്കല്ലറയിലേക്ക്; ദുര്‍ഗ പൂജക്കിടെ പൊലീസുകാരന്റെ വിദ്വേഷ പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th October 2022, 3:15 pm

ലഖ്‌നൗ: ദുര്‍ഗ പൂജ റാലി തടയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ കല്ലറയിലേക്ക് അയക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. റാലി തടയാന്‍ ശ്രമിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മക്തൂബ് മീഡിയയാണ് പുറത്തുവിട്ടത്.

മൈക്കിലൂടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ കൊലവിളി. ഇതിന് പിന്നാലെ ജയ് ശ്രീറാം വിളിക്കുന്ന
ആള്‍ക്കൂട്ടത്തെയും ദൃശ്യങ്ങളില്‍ കാണാം.

ദുര്‍ഗാപൂജ നിമജ്ജന ഘോഷയാത്ര പള്ളിക്ക് സമീപം എത്തിയപ്പോള്‍ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി പൊലീസ് പറയുന്നു. ഇതില്‍ ഒരു പൊലീസുകാരന്‍ അടക്കം ആറുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

പള്ളിയില്‍ ബാങ്ക് വിളിക്കുന്നതിനിടെ ഹിന്ദുക്കളോട് റാലിയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്.

കാവി തൊപ്പികള്‍ ധരിച്ച് വാളുകള്‍ വീശി റാലിയില്‍ എത്തിയ ഒരു വിഭാഗം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതേ റാലിയെ അഭിസംബോധന ചെയ്താണ് പൊലീസുകാരന്റെ വിദ്വേഷ പ്രസംഗം.

അതേസമയം 51 മുസ്‌ലിം മതസ്ഥര്‍ക്കെതിരെ സുല്‍ത്താന്‍പുര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 52 പേര്‍ക്കെതിരെയാണ് ആകെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് തടഞ്ഞിട്ടുണ്ട്.

Content Highlight: Uttarpradesh police says people who interrupt durga pooja rally will be sent to graves