| Sunday, 2nd October 2022, 3:22 pm

പൗരത്വ പ്രതിഷേധക്കാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യു.പി പൊലീസ്; ആൾക്കൂട്ടം പൊലീസിനെ ആക്രമിച്ചെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സി.എ.എ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്ക് നോട്ടീസയച്ച് ഉത്തർപ്രദേശ് പൊലീസ്. 57ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. പൊതുമുതൽ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സമരത്തിൽ പങ്കെടുത്ത 60 ആളുകളിൽനിന്നാണ് ലക്ഷങ്ങൾ ഈടാക്കാൻ പൊലീസ് ശ്രമിക്കുന്നത്.

2019 ഡിസംബർ 20ന് നടന്ന സി.എ.എ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർ സർക്കാർ വസ്തുക്കൾ നശിപ്പിക്കുകയും പൊലീസ് ജീപ്പിന് തീയിടുകയും ചെയ്തുവെന്ന് നഹാതുർ പൊലീസ് എസ്.എച്ച.ഒ പങ്കജ് തോമർ പറഞ്ഞതായി ദി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു,

ആൾക്കൂട്ടം പൊലീസിനെ ആക്രമിച്ചു, ഇതിനെ പ്രതിരോധിക്കുന്നതിനായി നടത്തിയ വെടിവെപ്പിലാണ് അനസ്, സൽമാൻ എന്നീ രണ്ടുപേർ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 57 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 60 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പങ്കജ് തോമർ വ്യക്തമാക്കി.

2019 ഡിസംബർ 11 നായിരുന്നു പാർലമെന്റ് സി.എ.എ പാസാക്കിയത്. തൊട്ടടുത്ത ദിവസംതന്നെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്നും ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ നിയമം സംബന്ധിച്ച ചട്ടങ്ങളൊന്നും തന്നെ ഇതുവരെ കേന്ദ്ര സർക്കാർ രൂപീകരിച്ചിട്ടില്ല.

പ്രതിപക്ഷ പാർട്ടികളിൽ നിന്നും ശക്തമായ പ്രതിഷേധങ്ങളുയർന്നിരുന്നു. എന്നാൽ ഈ സാഹചര്യത്തിലും സി.എ.എയുമായി മുന്നോട്ടുപോകാനാണ് അമിത് ഷായുടെ തീരുമാനം.

2019 ഡിസംബർ 21 ന് പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാൻ യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. പൊതുസ്വത്തുക്കൾ നശിപ്പിച്ചതിന് പ്രതിഷേധക്കാർ പണം നൽകേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

അക്രമികളെ വീഡിയോ ഫൂട്ടേജുകളിലൂടെ തിരിച്ചറിഞ്ഞെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ സർക്കാരിന്റെ ഈ നടപടി പിന്നീട് സുപ്രീം കോടതി തടയുകയായിരുന്നു.

Content Highlight: Uttarpradesh police asks compensation from caa protestors, claims they attacked police and set police vehicle on fire

We use cookies to give you the best possible experience. Learn more