ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കരുത്തുകാട്ടി ഇന്ത്യാ സഖ്യം. 232 സീറ്റുകളിലാണ് ഇന്ത്യാ സഖ്യം മുന്നേറുന്നത്. ബി.ജെ.പി ഏറെ പ്രതീക്ഷവെച്ച യു.പിയില്‍ വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് സംഭവിച്ചത്.
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 34 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടി മുന്നേറുന്ന കാഴ്ചയില്‍ യു.പിയില്‍ കാണുന്നത്.
75 സീറ്റുകളിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത്. 62 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും 17 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ തൃണമൂലുമാണ് മത്സരിക്കുന്നത്.
വാരാണസിയില്‍ നിന്നും മൂന്നാം വട്ടം ജനവിധി തേടുന്ന മോദിയ്ക്ക് വമ്പന്‍ ഭൂരിപക്ഷം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നേതാക്കള്‍ പ്രചരണം നടത്തിയത്. പ്രധാനപ്പെട്ട നേതാക്കളെല്ലാം മോദിക്ക് വേണ്ടി വാരാണസിയില്‍ പ്രചരണത്തിന് എത്തിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ വാരാണസിയില്‍ മോദി പ്രഭാവം മങ്ങുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന തരത്തിലുള്ള കണക്കുകളായിരുന്നു വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പുറത്തുവന്നത്. തുടക്കത്തില്‍ 6000ത്തിലേറെ വോട്ടുകള്‍ക്ക് പിന്നില്‍ പോയ മോദി എന്നാല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
റായ് ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് തുടക്കം മുതല്‍ തന്നെ വര്‍ധിച്ചിട്ടുണ്ട്. അതേസമയം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നിലവില്‍ കനൗജില്‍ ലീഡ് തുടരുകയാണ്. പടിഞ്ഞാറന്‍ യു.പിയിലെ മുസ്‌ലീം ആധിപത്യ പ്രദശേങ്ങളിലെല്ലാം സമാജ്‌വാദി പാര്‍ട്ടിക്ക് വ്യക്തമായ ലീഡുകളുണ്ട്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ യു.പിയില്‍ വലിയ ഭൂരിപക്ഷ നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ സര്‍വേകള്‍. 60 മുതല്‍ 68 സീറ്റുവരെ ബി.ജെ.പി നേടുമെന്നായിരുന്നു പോള്‍. സമാജ് വാദി പാര്‍ട്ടി 10- മുതല്‍ 16 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. കോണ്‍ഗ്രസ് 1 മുതല്‍ 3 വരെ സീറ്റുകള്‍ നേടുമെന്നുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം.
Content Highlight: Uttarpradesh election result modi trailing sp leading