| Friday, 17th September 2021, 1:51 pm

പെട്രോളിനും ഡീസലിനും ജി.എസ്.ടി; കേന്ദ്രനിലപാടിനെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും, ജനോപകാരപ്രദമായ നടപടിയായിരിക്കില്ലെന്ന് ഉത്തര്‍പ്രദേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പെടുത്തുന്നതില്‍ എതിര്‍പ്പുമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും. ജി.എസ്.ടിയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന് വലിയ വരുമാന നഷ്ടം ഉണ്ടാക്കുമെന്ന് ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു.

ജനോപകാരപ്രദമായ നടപടിയായിരിക്കില്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ധനമന്ത്രി കെ.എന്‍. ബാലഗോപാലും മഹാരാഷ്ട്ര ധനമന്ത്രിയും നേരത്തേ ഉന്നയിച്ച വിമര്‍ശനമാണ് ഇപ്പോള്‍ യു.പിയും ഉന്നയിക്കുന്നത്.

ഇന്ധനവില കുറയാന്‍ ജി.എസ്.ടി അല്ല പരിഹാരമെന്നും വില കുറയണമെങ്കില്‍ കേന്ദ്ര സെസ് ഒഴിവാക്കണമെന്നുമായിരുന്നു കേരളത്തിന്റെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത്.

ഇതോടെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധമുയരുമെന്ന് ഉറപ്പായി. കൗണ്‍സിലിന്റെ 45-ാമത് യോഗം വെള്ളിയാഴ്ച ലഖ്നൗവില്‍ നടക്കുകയാണ്.

പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ തുടര്‍ച്ചയായി എതിര്‍പ്പ് അറിയിക്കുന്നതോടെ ഇക്കാര്യത്തില്‍ വേഗത്തില്‍ ഒരു സമവായത്തിലെത്താന്‍ സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനമെടുക്കണമെങ്കില്‍ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്നതും കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സിലില്‍ അംഗങ്ങളായിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Uttarpradesh against centre’s decision to include petroleum products under GST

Latest Stories

We use cookies to give you the best possible experience. Learn more