ന്യൂദല്‍ഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ മാത്രമുണ്ടായത് 52 പരാതികള്‍. രാജ്യത്ത് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നതും ഉത്തര്‍പ്രദേശില്‍ തന്നെയാണെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രാലയം തിങ്കളാഴ്ച ലോക്‌സഭയെ അറിയിച്ചു.
മിര്‍സാപുരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് ചപ്പാത്തിയും ഉപ്പും മാത്രം വിദ്യാര്‍ഥികള്‍ക്കു നല്‍കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് ഒരു മാധ്യമപ്രവര്‍ത്തകനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തിരുന്നു. ഇതിനു ശേഷമാണ് ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുവരാന്‍ തുടങ്ങിയത്.
52 പരാതികളില്‍ 47 എണ്ണത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും മൂന്നെണ്ണം അടിസ്ഥാനരഹിതമായി കണ്ടെത്തിയെന്നും രണ്ടെണ്ണത്തില്‍ നടപടിയെടുത്തെന്നും മന്ത്രാലയം വ്യക്തമാക്കി.
ബിഹാറില്‍ 11 പരാതികളും ബംഗാളില്‍ ആറു പരാതികളുമാണു ലഭിച്ചതെന്ന് മന്ത്രി രമേശ് പൊഖ്രിയാല്‍ എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു. ബി.ജെ.പി അംഗം ഭാരതി പ്രവീണ്‍ പവാറിന്റെ ചോദ്യത്തിനു മറുപടിയായായിരുന്നു ഇത്.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലും ഈ വര്‍ഷവുമായി 931 കുട്ടികളാണ് ഉച്ചഭക്ഷണം കഴിച്ച് അസുഖബാധിതരായതെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. ഇതില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജാര്‍ഖണ്ഡിലാണ്, 259. മഹാരാഷ്ട്രയില്‍ 201 സംഭവങ്ങളും ഉത്തര്‍പ്രദേശില്‍ 154-ഉം റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശില്‍ ചപ്പാത്തിയും ഉപ്പും കൊടുത്ത സംഭവം വീഡിയോയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ പവന്‍ ജെയ്‌സ്‌വാള്‍, ഗ്രാമത്തലവന്റെ പ്രതിനിധിയായ രാജ്കുമാര്‍, ഇവര്‍ക്കു സഹായം ചെയ്തുകൊടുത്ത മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഗൂഢാലോചനപ്രകാരം കേസെടുത്തത്.
സ്‌കൂളില്‍ ഭക്ഷണസാമഗ്രികള്‍ കുറവാണെന്നറിഞ്ഞിട്ടും രാജ്കുമാറും ഗൂഢാലോചനയ്ക്കു കൂട്ടുനിന്നെന്നും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് കുട്ടികള്‍ക്ക് ചപ്പാത്തിയും ഉപ്പും നല്‍കിയ വാര്‍ത്തയാണ് ജെയ്‌സ്‌വാള്‍ പുറത്തൂകൊണ്ടുവന്നത്.
ചിലര്‍ സര്‍ക്കാരിനെ നാണം കെടുത്താന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ അന്ന് ഇതിനോടു പ്രതികരിച്ചത്. എന്നാല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.