ലിവിങ് ടുഗെദര്‍ ഇനി എളുപ്പമല്ല, രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ തടവും പിഴയും; ഏക സിവില്‍ കോഡിലെ നിബന്ധനങ്ങള്‍
India
ലിവിങ് ടുഗെദര്‍ ഇനി എളുപ്പമല്ല, രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ തടവും പിഴയും; ഏക സിവില്‍ കോഡിലെ നിബന്ധനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th February 2024, 2:39 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ലിവിങ് ടുഗെദറായി ജീവിക്കുന്നവരും അതിന് തയ്യാറെടുക്കുന്നവരുമായ വ്യക്തികള്‍ ഇനി മുതല്‍ ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം.

സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ഏക സിവില്‍കോഡിലാണ് ഇത് സംബന്ധിച്ച നിയമമുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 21 വയസില്‍ താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാണെന്നും ഉത്തരാഖണ്ഡിന് പുറത്തുപോയി താമസിക്കുന്നവര്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും നിയമസഭയില്‍ സമര്‍പ്പിച്ച സിവില്‍ കോഡ് നിയമത്തില്‍ പറയുന്നു.

രജിസ്റ്റര്‍ ചെയ്യാതെ ലിവിങ് ടുഗെദറായി താമസിച്ചാല്‍ 6 മാസം വരെ തടവും 25000 രൂപ വരെ പിഴയും അടക്കേണ്ടി വരും. ഉത്തരാഖണ്ഡില്‍ യൂണിഫോം സിവില്‍ കോഡ് (യു.സി.സി) നിയമമായിക്കഴിഞ്ഞാല്‍ ഇത് പ്രാബല്യത്തില്‍ വരും.

നിര്‍ദിഷ്ട യു.സി.സി അനുസരിച്ച്, രജിസ്റ്റര്‍ ചെയ്യാതെ ഒരു മാസത്തില്‍ കൂടുതല്‍ ലിവ്-ഇന്‍ ബന്ധത്തില്‍ തുടരുകയാണെങ്കില്‍, അവര്‍ ശിക്ഷിക്കപ്പെടും. മൂന്ന് മാസം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ ഒരുമിച്ചുള്ള ശിക്ഷയോ നേരിടേണ്ടിവരും.

ലിവിങ് ടുഗെദറായി ജീവിക്കുന്ന കാര്യം മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍, അവര്‍ക്ക് മൂന്ന് മാസം വരെ തടവും 25,000 രൂപയില്‍ കൂടാത്ത പിഴയും അടക്കേണ്ടി വരും.

ഒരുമിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ തങ്ങളുടെ വിവരങ്ങള്‍ ലോക്കല്‍ പൊലീസ് സ്റ്റേഷന് കൈമാറണം. നല്‍കിയിരിക്കുന്ന വിവരങ്ങളുടെ സാധുത പരിശോധിക്കേണ്ടത് പൊലീസാണ്.

രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ബന്ധങ്ങള്‍ പൊതുനയങ്ങള്‍ക്കോ ധാര്‍മിക മര്യാദകള്‍ക്കോ നിരക്കുന്നതല്ലെങ്കില്‍ ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ക്ക് അനുമതി നിഷേധിക്കാന്‍ സര്‍ക്കാരിനാവും.

പങ്കാളികളില്‍ ഒരാള്‍ നേരത്തെ വിവാഹം ചെയ്തതോ അല്ലെങ്കില്‍ മറ്റൊരു ബന്ധത്തിലോ ഉള്ള ആളാണെങ്കില്‍ അനുമതി ലഭിക്കില്ല. അതുപോലെ പങ്കാളികളില്‍ ഒരാള്‍ 21 വയസില്‍ താഴെയുള്ള ആളായിരിക്കുകയും രക്ഷിതാക്കളുടെ അനുമതി സംബന്ധിച്ച രേഖകള്‍ വ്യാജമായോ തട്ടിപ്പിലൂടെയോ ആള്‍മാറാട്ടത്തിലൂടെയോ ഉണ്ടാക്കിയെടുത്താലും നടപടികള്‍ നേരിടേണ്ടി വരും.

ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ സംബന്ധിച്ച അപേക്ഷ സ്വീകരിക്കാന്‍ ഒരു വെബ്‌സൈറ്റ് തുടങ്ങുമെന്നും ഇതിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ രജിസ്ട്രാര്‍ പരിശോധിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജില്ലാ രജിസ്ട്രാര്‍ അന്വേഷണം നടത്തിയായിരിക്കും അംഗീകാരം നല്‍കുക. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥന് പങ്കാളികളുടെ മാതാപിതാക്കളുടെ വിവരം അറിയിക്കാനുള്ള അധികാരം ഉണ്ടാകും.

ഒരു ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കണമെങ്കില്‍ പങ്കാളികള്‍ ഇരുവരും ബന്ധം അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവന രജിസ്ട്രാര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കണം.

ലിവ്-ഇന്‍ ബന്ധം അവസാനിപ്പിക്കാന്‍ പങ്കാളികളില്‍ ഒരാളാണ് ആഗ്രഹിക്കുന്നതെങ്കില്‍ പ്രസ്താവനയുടെ ഒരു പകര്‍പ്പ് അവന്റെ/അവളുടെ പങ്കാളിക്ക് നല്‍കുകയും വേണം.

ഈ നിയമപ്രകാരം ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് ഉപേക്ഷിച്ചുവന്ന സ്ത്രീയ്ക്ക് കോടതിയെ സമീപിക്കാം. അവര്‍ക്ക് നഷ്ടപരിഹാരവും ആവശ്യപ്പെടാം. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ജനിക്കുന്ന കുട്ടികളുടെ വിവാഹബന്ധത്തില്‍ ജനിക്കുന്ന കുട്ടികളെ പോലെ തന്നെ കണക്കാക്കും.

Content Highlight: Uttarakhand Wants Live-Ins Registered, Parental Nod For Those Under 21