| Friday, 7th February 2020, 8:48 pm

സിയാച്ചിനിലെ സൈനികര്‍ക്ക് 100 സ്‌നോ ബൂട്ടുകള്‍ അയച്ചു കൊടുക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; 'സൈനികര്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: സിയാച്ചിനിലുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് 100 സ്‌നോ ബൂട്ടുകള്‍ അയച്ചുകൊടുക്കാന്‍ തീരുമാനിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ലോകത്തെ ഏറ്റവും ഉയരം കൂടിയ അതിര്‍ത്തി പ്രദേശത്ത് സേവനം അനുഷ്ടിക്കുന്ന സൈനികര്‍ക്ക് തണുപ്പിനെ അകറ്റാനുള്ള വസ്ത്രങ്ങള്‍, സ്‌നോ ബൂട്ടുകള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2015 നവംബര്‍ മുതല്‍ 2016 സെപ്തംബര്‍ വരെ പലവിധ ആവശ്യങ്ങള്‍ക്കുള്ള ബൂട്ട് നല്‍കിയിട്ടില്ലെന്നും നിലവിലുള്ളവ തന്നെ വീണ്ടും ഉപയോഗിക്കേണ്ട അവസ്ഥയിലാണ് സൈനികരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിയാച്ചിന്‍, ഗുംറ, ലഡാക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സൈനികര്‍ക്ക് തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍, സ്‌നോ ബൂട്ടുകള്‍, ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. നമ്മുടെ സൈനികര്‍ക്ക് 100 സ്‌നോ ബൂട്ടുകള്‍ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. കുറച്ചുകൂടി മുന്നോട്ട് പോകാന്‍ ഈ കാര്യം സഹായിക്കുമെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ സൂര്യകാന്ത് ദസ്മാന പറഞ്ഞു.

ബി.ജെ.പി സൈനികരെ കുറിച്ച് വലിയ വായില്‍ വര്‍ത്തമാനം പറയുമെന്നല്ലാതെ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുന്നതില്‍ പരാജയമാണെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ജനങ്ങള്‍ ഇക്കാര്യതത്തില്‍ ഉത്കണ്ഠാകുലരാണ്. സൈനികരില്ലാത്ത ഒരു ജില്ല പോലും സംസ്ഥാനത്തില്ല. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സൂര്യകാന്ത് ദസ്മാന പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more