ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു
India
ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th March 2024, 7:41 pm

ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ ഏക സിവില്‍ കോഡ് ബില്ലിന് അംഗാകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇതോടെ ഏക സിവില്‍ കോഡ് നിയമം നിലവില്‍ വരുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മാറി.

നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്ത് നിയമം ഔദ്യോഗികമായി നിലവില്‍ വരും.

ഫെബ്രുവരി ആറിനാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഏക സിവില്‍ കോഡ് ബില്ല് അവതരിപ്പിച്ചത്. പിന്നീട് ഫെബ്രുവരി ഏഴിന് സഭ ബില്‍ പാസാക്കുകയായിരുന്നു.

ഫെബ്രുവരി 28ന് ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തു. ഏക സിവില്‍ കോഡ് എല്ലാ പൗരന്‍മാര്‍ക്കും മതഭേതമില്ലാതെ ഒരേ നിയമം വ്യവസ്ഥ ചെയ്യുന്നു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ നിയമത്തില്‍ നിന്ന് സംസ്ഥാനത്തെ 2.9 ശതമാനമുള്ള പട്ടിക വര്‍ഗ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. ഉത്തരാഖണ്ഡില്‍ താമസിക്കുന്നവര്‍ക്കും സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികള്‍ക്കും നിയമം ബാധകമായിരിക്കും. ലിവ് ഇന്‍ ബന്ധങ്ങളും നിയമപരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമത്തില്‍ പറയുന്നു.

Content Highlight: Uttarakhand Uniform Civil Code Receives President’s Approval