ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാൻ ഉത്തരാഖണ്ഡ്; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് സംസ്ഥാന കാബിനറ്റ്
റാഞ്ചി: ഏകീകൃത സിവില്‍ കോഡ് പ്രാവര്‍ത്തികമാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ കരട് റിപ്പോര്‍ട്ട് സംസ്ഥാന കാബിനറ്റ് അംഗീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏകീകൃത സിവില്‍ കോഡ് ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ യു.സി.സി കമ്മിറ്റി മുഖ്യമന്ത്രിക്ക് കരട് റിപ്പോര്‍ട്ട് കൈമാറിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. വിരമിച്ച ദല്‍ഹി ഹൈക്കോടതി ജഡ്ജി പ്രമോദ് കോഹ്ലി, സാമൂഹിക പ്രവര്‍ത്തകന്‍ മനു ഗൗര്‍, മുന്‍ ചീഫ് സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശത്രുഘ്‌നന്‍ സിങ്, ഡൂണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സുരേഖ ദങ്വാള്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
നിയമനിര്‍മാണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഗവര്‍ണറെ അറിയിക്കുമെന്നും രേഖകളായി സമര്‍പ്പിക്കുമെന്നും തുടര്‍ന്ന് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ നിയമം പാസാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടനപത്രികയുടെ ഭാഗമായിരുന്നു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും എന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് ഉടന്‍ മാറിയേക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.
Content Highlight: Uttarakhand to implement Uniform Civil Code