Uniform Civil Code
ഏകസിവില്‍കോഡ് നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; ദീപാവലിക്ക് ശേഷം പ്രത്യേക നിയമസഭ സമ്മേളനം
ന്യൂദല്‍ഹി: രാജ്യത്ത് ആദ്യമായി ഏകസിവില്‍കോഡ് നിയമം നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ദീപാവലിക്ക് ശേഷം ഇതിന് വേണ്ടിയുള്ള പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. സമ്മേളനത്തില്‍ വെച്ച് നിയമം പാസാക്കിയെടുക്കാനാണ് ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ തീരുമാനം.
ഉത്തരാഖണ്ഡില്‍ 2022 മെയ് മാസം മുതല്‍ തന്നെ ഏകസിവില്‍കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു.
ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന് കൈമാറിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ഇപ്പോള്‍ പ്രത്യേക നിയമസഭസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുള്ളതും. ദീപാവലിക്ക് ശേഷം ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ വെച്ച് തന്നെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ നിയമം പാസാക്കിയെടുക്കാനുള്ള ശ്രമങ്ങളുണ്ടാകും.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം തുടക്കത്തിലുണ്ടായിരുന്നു എങ്കിലും പിന്നീടത് 18ആയി തന്നെ നിലനിര്‍ത്തുകയാണ് ഈ റിപ്പോര്‍ട്ടില്‍ ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ സ്വത്തവകാശം, വിവാഹ രജിസ്‌ട്രേഷന്‍, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഏക രൂപമുണ്ടാകുമെന്നാണ് ഈ റിപ്പോര്‍ട്ടിലെ പ്രഖ്യാപനങ്ങള്‍.
എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് മതപരവും ആചാരപരവുമായ കാര്യങ്ങളെ കുറിച്ച് ഈ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുമില്ല. ദേശീയ തലത്തില്‍ ഒരു ജനസംഖ്യ നിയന്ത്രണ പദ്ധതി വേണമെന്നും ഉത്തരാഖണ്ഡില്‍ നടപ്പിലാക്കാനൊരുങ്ങുന്ന നിയമത്തിന്റെ കരടില്‍ പറയുന്നു.
ഉത്തരാഖണ്ഡിന്റെ ഈ മാതൃക തന്നെയായിരിക്കും കേന്ദ്രവും ഏക സിവില്‍കോഡ് നടപ്പിലാക്കുന്ന കാര്യത്തില്‍ സ്വീകരിക്കുക എന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ തലത്തില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതിന്റെ പൈലറ്റ് പ്രൊജക്ടായിട്ടാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ഉത്തരാഖണ്ഡിലെ ഈ നീക്കത്തെ കാണുന്നത്.
മാത്രവുമല്ല അടുത്ത വര്‍ഷങ്ങളില്‍ ഗുജറാത്ത് ഉള്‍പ്പടെയുള്ള ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളിലും ഈ മാതൃക പിന്തുടര്‍ന്ന് നിയമം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഗോത്രവിഭാഗങ്ങള്‍ കൂടുതലായിട്ടുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കുന്നതിന് തടസ്സം നേരിടുമെന്ന വിലയിരുത്തലുമുണ്ട്.
content highlights: Uttarakhand to implement single civil code; Special assembly session after Diwali