| Sunday, 13th October 2024, 8:26 am

ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കം തകര്‍ന്ന സംഭവം; ഉത്തരവാദിത്തം കരാറുകാരന്റെയും കമ്പനിയുടെയും തലയിലിട്ട് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന സില്‍ക്യാര തുരങ്കം തകര്‍ന്നതിന്റെ ഉത്തരവാദിത്തം കരാറുകാരനും കമ്പനിക്കുമെന്ന വാദവുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കരാറുകാരനായ നവയുഗ എന്‍ജീനിയറിങ് കമ്പനി ലിമിറ്റഡിനും നാഷണല്‍ ഹൈവേ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന കമ്പനിക്കും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്നാണ് സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ നവംബറിലാണ് നിര്‍മാണത്തിലിരിക്കുന്ന സില്‍ക്യാര തുരങ്കം തകര്‍ന്നത്. ഇതിന് പിന്നാലെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിര്‍മാണത്തിന് പിന്നിലെ പിഴവ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉന്നത തല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.കെ ധിമന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പാനലാണ് കരാറുകാരന്റെയും കമ്പനിയുടെയും പിഴവുകള്‍ കാണിച്ചു കൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ടണലിന്റെ തകര്‍ച്ച സര്‍ക്കാര്‍ ഖജനാവിലെ പണം നഷ്ടപ്പെടുത്താനും പ്രൊജക്ടിന്റെ വീഴ്ചയ്ക്കും കാരണമായെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ടണലിന്റെ ഗുരുത്വാകര്‍ഷണ ബലം നഷ്ടപ്പെട്ടതും തകര്‍ച്ചയ്ക്ക് കാരണമായതായി സൂചിപ്പിക്കുന്നുണ്ട്.

കരാറുകാരന്റെ ഭാഗത്തുനിന്നും ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ടായതായും കരാറുകാരന്‍ മനപൂര്‍വം മോണിറ്ററിങ് ഡാറ്റ തെറ്റായി ക്രമീകരിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കമ്പനി കരാര്‍ നിയമങ്ങള്‍ തെറ്റിച്ചതായും കരാറില്‍ അനുശാസിക്കുന്ന അടിസ്ഥാന സുരക്ഷ പ്രക്രിയകളും നടപടിക്രമങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടതായും സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വാദം.

ചെലവ് ചുരുക്കാന്‍ ടണലിന്റെ വെന്റിലേഷന്‍ സംവിധാനത്തിന് കരാറുകാരന്‍ മാറ്റം വരുത്തിയതായും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഗതാഗത മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന എന്‍.എച്ച്.ഐ.ഡി.സി.എല്‍ 2014ലാണ് സ്ഥാപിതമായത്. ദേശീയ പാതകള്‍, പ്രധാനപ്പെട്ട റോഡുകള്‍, തുരങ്കങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്.

ദേശീയ പാത 134ല്‍ നിര്‍മാണത്തിലിരുന്ന സില്‍ക്യാര തുരങ്കത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വര്‍ഷം നവംബറിലാണ് തകര്‍ന്നത്. 41 തൊഴിലാളികള്‍ കുടുങ്ങുകയും 17 ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തൊഴിലാളികളെ രക്ഷപ്പെടുത്തുകയുമായിരുന്നു.

2018ല്‍ നിര്‍മാണം ആരംഭിച്ച തുരങ്കത്തിന്റെ ചെലവ് 1,119.69 കോടി രൂപയാണ്. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഭാഗികമായ ടണല്‍ തകര്‍ച്ച കാരണം 2026 ഓടെ പൂര്‍ത്തീകരിക്കുമെന്നും നിലവില്‍ പകുതിയിലധികം നിര്‍മാണം പൂര്‍ത്തിയായെന്നുമാണ് കമ്പനി അറിയിച്ചത്.

Content Highlight: Uttarakhand Silkyara tunnel blast incident; Government puts the responsibility on the head of the contractor and the company

We use cookies to give you the best possible experience. Learn more