ഡെറാഡൂൺ: റംസാൻ മാസത്തിൽ ഉത്തരാഖണ്ഡിൽ 11 മദ്രസകൾ അടച്ചുപൂട്ടി സർക്കാർ. നിയമപരമായ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂൺ വികസന അതോറിറ്റി (എം.ഡി.ഡി.എ) 11 മദ്രസകൾ സീൽ ചെയ്തത്.
മദ്രസ ജാമിയ ഇസ്‌ലാമിയെ നൂർ ഉൽ ഹുദ ഉൾപ്പെടെയുള്ള സീൽ ചെയ്ത മദ്രസകൾ സംസ്ഥാന മദ്രസ ബോർഡിലോ വിദ്യാഭ്യാസ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വാദിച്ചു. സംഭവത്തിന് പിന്നാലെ മുസ്‌ലിം നേതാക്കളിൽ നിന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടിട്ടുണ്ട്.
പ്രാദേശിക മുസ്‌ലിങ്ങൾ ദൈനംദിന പ്രാർത്ഥനകൾക്കായി ഉപയോഗിച്ചിരുന്ന പള്ളികളും മദ്രസകളുമാണ് പിടിച്ചെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് രണ്ടിന് ആരംഭിച്ച റമദാൻ മാസം രാജ്യത്തുടനീളമുള്ള മുസ്‌ലിങ്ങൾ ആചരിക്കുന്ന സമയത്താണ് സ്ഥാപനങ്ങൾ അടച്ച് പൂട്ടിയിരിക്കുന്നത്.
അടച്ചുപൂട്ടലിനെത്തുടർന്ന്, മാർച്ച് ആറ് ബുധനാഴ്ച ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിന് പുറത്ത് മുസ്‌ലിം സമുദായത്തിലെ അംഗങ്ങൾ ഒത്തുകൂടി. നൂറുകണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥാപനങ്ങൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാർ ഭരണകൂടത്തിന്റെ ഈ നീക്കത്തെ ന്യായീകരിക്കാനാവാത്തതെന്ന് വിശേഷിപ്പിച്ചു.
ഭരണകൂടം തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തി ചാർജ്ജ് നടത്തുകയും നിരവധി വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതോടെ സംഘർഷം രൂക്ഷമായി.
തങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാത്തതിനാലാണ് ലാത്തിച്ചാർജ്ജ് നടത്തിയതെന്ന് പൊലീസ് ന്യായീകരിച്ചു. ‘പ്രതിഷേധക്കാരോട് ഞങ്ങൾ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് പരിസരം വിട്ടുപോകാൻ വിസമതിച്ചതിനെ തുടർന്ന് പൊലീസിന് ഇടപെടേണ്ടി വന്നു,’ സിറ്റി പോലീസ് സൂപ്രണ്ട് (എസ്.പി) പ്രമോദ് കുമാർ പറഞ്ഞു. പ്രതിരോധ നടപടിയായി ചില വ്യക്തികളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് അവരെ വിട്ടയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സംഭവത്തിൽ വിമർശനവുമായി മുസ്‌ലിം നേതാക്കൾ എത്തി. പുണ്യമാസത്തിൽ സ്ഥാപനങ്ങളുടെ കവാടങ്ങൾ മനഃപൂർവ്വം പൂട്ടിയിരിക്കുകയാണെന്ന് നേതാക്കൾ വിമർശിച്ചു. ഇത് തങ്ങളോടുള്ള വിവേചനം ആണെന്ന് അവർ പറഞ്ഞു.
‘നടപടിയെടുക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ഒരു അറിയിപ്പും നൽകിയില്ല, കൂടാതെ ഈ മദ്രസകളും പള്ളികളും ഏത് നിയമപ്രകാരമാണ് സീൽ ചെയ്തതെന്ന് ഒരു വിശദീകരണവും നൽകിയില്ല,’ എം.ഡി.ഡി.എയുടെ നടപടിയെക്കുറിച്ച് ഒരു മുസ്‌ലിം സംഘടനയുടെ പ്രസിഡണ്ടായ നയീം ഖുറേഷി പറഞ്ഞു.
എന്നാൽ മദ്രസകൾ രജിസ്‌ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു. 2024 ഡിസംബറിൽ സംസ്ഥാനത്തുടനീളമുള്ള മദ്രസകളെ ലക്ഷ്യമിട്ട് സമഗ്രമായ പരിശോധന ഡ്രൈവ് നടത്താൻ ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവിട്ടതിന് മാസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ഓഫീസിൽ നിന്നുള്ള നേരിട്ടുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഡ്രൈവ് എന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് നിലേഷ് ആനന്ദ് ഭർനെ പറഞ്ഞു.
Content Highlight: Uttarakhand seals 11 madrasas during Ramzan, sparks protests