ഡെറാഡൂണ്‍: വനംമന്ത്രിയായിരുന്ന ഹരക് സിംഗ് റാവത്തിനെ പുറത്താക്കുന്നതുവരെ എല്ലാ ബഹുമാനങ്ങളും നല്‍കിയിരുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസമായിരുന്നു വനംമന്ത്രി ഹരക് സിംഗ് റാവത്തിനെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പി പുറത്താക്കിയത്.
റാവത്ത് കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് ധാമി എ.എന്‍.ഐയോട് പറഞ്ഞു.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കപ്പെടുമെന്നും താനിനി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമെന്നും
ബി.ജെ.പിയില്‍ നിന്നും പുറത്തായതിന് പിന്നാലെ റാവത്ത് പറഞ്ഞു.
2016 മാര്‍ച്ചില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കലാപം നടത്തിയതിന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും റാവത്ത് പറഞ്ഞു. ‘അദ്ദേഹം (ഹരീഷ് റാവത്ത്) എന്റെ ജ്യേഷ്ഠനാണ്. 100 തവണ അല്ലെങ്കില്‍ ഒരു ലക്ഷം തവണയെങ്കിലും അദ്ദേഹത്തോട് മാപ്പ് പറയാന്‍ തയാറാണ്,’ റാവത്ത് പറഞ്ഞു.
എന്നാല്‍ അദ്ദേഹം ഇതുവരെ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് അറിയിച്ചു.
2016ലാണ് ഹരക് സിംഗ് റാവത്ത് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയത്. കോട്ധ്വാറില്‍ നിന്നുള്ള എം.എല്‍.എയാണ് റാവത്ത്. 2016ല്‍ ഹരീഷ് റാവത്തിനോടുള്ള അഭിപ്രായവ്യത്യാസം കാരണം കോണ്‍ഗ്രസ് വിട്ട്
ബി.ജെ.പിയിലെത്തിയ 10 എം.എല്‍.എമാരില്‍ ഒരാളായിരുന്നു അദ്ദേഹം.
ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. 70 നിയമസഭാ മണ്ഡലങ്ങളാണ് ഉത്തരാഖണ്ഡിലുള്ളത്. 2017ല്‍ ബി.ജെ.പി 57 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.