| Thursday, 27th January 2022, 10:03 am

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കി; ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബി.ജെ.പിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബി.ജെ.പിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് ഉപാധ്യായയുടെ പാര്‍ട്ടി മാറ്റം. ഉപാധ്യായ ഇന്ന് തന്നെ ബി.ജെ.പി അംഗത്വമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ബുധനാഴ്ച കിഷോര്‍ ഉപാധ്യായയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിരവധി മുന്നറിയിപ്പുകള്‍ക്ക് ശേഷമാണ് ഈ നടപടിയെന്ന് ഉത്തരാഖണ്ഡ് പി.സി.സി ചുമതലയുള്ള ദേവേന്ദര്‍ യാദവ് ഉപാധ്യായയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഉപാധ്യായയെ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയ സാഹചര്യത്തിലാണ് ബി.ജെ.പിക്കൊപ്പം ചേരാനുള്ള ഇദ്ദേഹത്തിന്റെ നീക്കം.

ദേവേന്ദര്‍ യാദവ് ഉപാധ്യായയ്ക്ക് അയച്ച കത്തില്‍ അദ്ദേഹം ബി.ജെ.പിയുമായും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായും നിരന്തരം ആശയവിനിമയം നടത്തുന്നതായി ആരോപിച്ചിരുന്നു.

‘ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്ന അഴിമതിയിലും കെടുകാര്യസ്ഥതയിലും ദുര്‍ഭരണത്തിലും വ്യാപകമായ ജനരോഷമാണ് ഉള്ളത്. ബി.ജെ.പി ഉയര്‍ത്തുന്ന ഈ വെല്ലുവിളികളെ നേരിടേണ്ടതും ഉത്തരാഖണ്ഡിലെ ജനങ്ങളെ സേവിക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്. ഖേദകരമെന്നു പറയട്ടെ, ഈ പോരാട്ടത്തെ തുരങ്കം വയ്ക്കാനും ജനങ്ങളുടെ പ്രശ്നത്തെ ദുര്‍ബലപ്പെടുത്താനും ലക്ഷ്യമിട്ടാണ് നിങ്ങള്‍ ബി.ജെ.പിയുമായും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായും കൂട്ടുകൂടുന്നത്,’ എന്നായിരുന്നു യാദവ് കത്തില്‍ പറഞ്ഞിരുന്നത്.

2002ലും 2007ലും തെഹ്‌രി അസംബ്ലി മണ്ഡലത്തില്‍ നിന്ന് വിജയിച്ച മുന്‍ എം.എല്‍.എയായ ഉപാധ്യായ 2014 മുതല്‍ 2017 വരെ കോണ്‍ഗ്രസിന്റെ ഉത്തരാഖണ്ഡ് യൂണിറ്റ് പ്രസിഡന്റായിരുന്നു. ഉത്തരാഖണ്ഡ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷിയെ അദ്ദേഹം ഈ മാസം ആദ്യം സംസ്ഥാന സന്ദര്‍ശനത്തിനിടെ കണ്ടിരുന്നു. ഇത് ഉപാധ്യായ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Content Highlight: Uttarakhand polls Former state Congress chief expelled, likely to join BJP today

We use cookies to give you the best possible experience. Learn more