|

കന്‍വാര്‍ തീര്‍ത്ഥാടനം; യു.പിക്ക് പിന്നാലെ ഉത്തരാഖണ്ഡിലും കടകളുടെ പേര് മാറ്റാന്‍ മുസ്‌ലിം വ്യാപാരികൾക്ക് നിർദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തര്‍പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും കന്‍വാര്‍ തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴികളിലെ കടകളുടെ പേര് മാറ്റാന്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി പൊലീസ്. ഹരിദ്വാര്‍ പൊലീസാണ് മുസാഫര്‍നഗര്‍ പൊലീസ് പുറപ്പെടുവിച്ച ഉത്തരവിന് സമാനമായ നോട്ടീസ് വ്യാപാരികൾക്ക് നല്‍കിയത്.

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് ഉടമയുടെ പേര് നെയിം ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതെന്നാണ് ഹരിദ്വാര്‍ പൊലീസ് നല്‍കുന്ന വിശദീകരണം.

‘കന്‍വാര്‍ യാത്രയ്ക്കിടെ കടകള്‍ ഉടമസ്ഥന്റെ പേര് പരാമര്‍ശിക്കാത്തതിനാല്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. യാത്രക്കാര്‍ ഇതിനെ എതിര്‍ക്കാറുണ്ട്. ഇത് പരിഹരിക്കുന്നതിന്, യാത്ര കടന്നുപോകുന്ന റൂട്ടിലെ ഹോട്ടലുകളും വഴിയോര കച്ചവടവും ഉള്‍പ്പടെ എല്ലാ കടകളുടെയും പേര് മാറ്റാനാണ് നിര്‍ദേശം നല്‍കിയത്. ഉടമയുടെ പേര് നെയിം ബോര്‍ഡില്‍ നല്‍കാനാണ് നിര്‍ദേശം നല്‍കിയത്,’ ഹരിദ്വാര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ജില്ലാ അധികാരികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഹോട്ടലുകളിലും ധാബകളിലും ഇറച്ചി, മുട്ട, വെളുത്തുള്ളി, ഉള്ളി എന്നിവയുടെ ഉപയോഗം നിരോധിക്കുക, മദ്യവും മറ്റ് ലഹരി വസ്തുക്കളും നിരോധിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

നേരത്തെ യു.പി പൊലീസിന്റെ ഉത്തരവിന് പിന്നാലെ വ്യാപക വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെയും പൊലീസിനെതിരെയും ഉയർന്നത്. യു.പി പൊലീസിന്റെ നിർദേശം ഭരണഘടനാവിരുദ്ധമാണെന്ന് അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടി.

ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് യു.പി പൊലീസ് ഇത്തരത്തിലൊരു നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ചോദിച്ചു. ഔദ്യോഗിക ഉത്തരവിലൂടെയല്ല യു.പി പൊലീസ് കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാത്ത പക്ഷം വിഷയത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

അതിനിടെ, എന്‍.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. കന്‍വാര്‍ യാത്ര പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്‍ഗീയ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.

‘കന്‍വാര്‍ യാത്ര വര്‍ഷങ്ങളായി അവിടെ നടക്കുന്നതാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകാരും സ്റ്റാളുകള്‍ സ്ഥാപിച്ച് തീര്‍ഥാടകരെ സ്വാഗതം ചെയ്യാറാണ് പതിവ്. മുസ്‌ലിം കരകൗശല തൊഴിലാളികളും കന്‍വാര്‍ യാത്രയുടെ ഭാഗമായിട്ടുണ്ട്. കന്‍വാര്‍ യാത്രയില്‍ ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത് മുസ്‌ലിം സമുദായത്തില്‍പ്പെട്ട കരകൗശല തൊഴിലാളികള്‍ കൂടി ചേര്‍ന്നാണ്. ഇത്തരം ഉത്തരവുകള്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉതകൂ. ജില്ലാ ഭരണകൂടം തീരുമാനം പുനഃപരിശോധിക്കണം. അത് പിന്‍വലിക്കണം,’ ത്യാഗി പറഞ്ഞു.

‘സാമൂഹിക വിരുദ്ധര്‍ കടകള്‍ നടത്തുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിക്കണം. എന്നാല്‍ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ഒരു വിവേചനവും പാടില്ല. ഇത് സമൂഹത്തില്‍ ഭിന്നത വര്‍ദ്ധിപ്പിക്കും. അത്തരം നിര്‍ദേശങ്ങള്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഉതകൂ. അത് പാടില്ല. ഉത്തരവ് പിന്‍വലിക്കണം,’ ജെ.ഡി.യു നേതാവ് പറഞ്ഞു.

Content Highlight: Uttarakhand: Police in Haridwar say eateries along kanwar yatra will have to display owner name