| Saturday, 2nd March 2024, 8:40 pm

ഹല്‍ദ്വാനി സംഘര്‍ഷം; അഞ്ച് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ഉത്തരാഖണ്ഡ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: നിയമവിരുദ്ധമായി ഹല്‍ദ്വാനിയില്‍ പള്ളിയും മദ്രസയും പൊളിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കലാപത്തിന് ആഹ്വാനം നടത്തിയെന്ന് ആരോപിച്ച് അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്ത് ഉത്തരാഖണ്ഡ് പൊലീസ്. അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് സ്ത്രീകളും മുസ്‌ലിം സമുദായത്തില്‍ പെടുന്നവരാണ്.

ഷഹനാസ്, സോണി, ഷംഷീര്‍, സല്‍മ, രേഷ്മ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് സ്ത്രീകള്‍. എല്ലാവരും സംസ്ഥാനത്തെ ബന്‍ഭൂല്‍പുര പ്രദേശത്തെ താമസക്കാരാണെന്ന് നാനിറ്റാള്‍ ജില്ലയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഹല്‍ദ്വാനി സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 89 ആയി വര്‍ധിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പള്ളി പൊളിക്കുന്നത് തടയുന്നതിനായി നിരവധി മുസ്ലിം സ്ത്രീകള്‍ ബുള്‍ഡോസറുകള്‍ക്ക് മുന്നിലേക്ക് ചാടിയെന്നും ഇവരുടെ നേതൃത്വത്തില്‍ ഏതാനും പുരുഷന്മാര്‍ വനിതാ പൊലീസുകാരെ മര്‍ദിച്ചുവെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഹല്‍ദ്വാനിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ തിരച്ചില്‍ നടത്താനെന്ന വ്യാജേന 15 വയസുകാരിയെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാന പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു കൂട്ടം സ്ത്രീകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുക്കുന്നു എന്ന വ്യാജേന തന്നെ തെറ്റായ രീതിയില്‍ പൊലീസ് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞു. സംഘര്‍ഷത്തിനിടയിലേക്ക് കല്ലെറിഞ്ഞവര്‍ ആരാണെന്ന് ചോദിച്ചുകൊണ്ടാണ് തന്നെ പൊലീസ് മറ്റൊരിടത്തേക്ക് വലിച്ചുമാറ്റിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

അതേസമയം സംഘര്‍ഷത്തിന് നേതൃത്വം കൊടുത്തെന്ന് ആരോപിക്കപ്പെടുന്ന അബ്ദുല്‍ മാലികിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദല്‍ഹിയില്‍ നിന്നാണ് മാലികിനെ അറസ്റ്റ് ചെയ്തതെന്ന് നൈനിറ്റാള്‍ എസ്.എസ്.പി പ്രഹ്‌ലാദ് നാരായണ്‍ മീണ പറഞ്ഞു. എന്നാല്‍ മാലികിന്റ മകന്‍ ഒളിവിലാണെന്നും മാധ്യമങ്ങളോട് മീണ അറിയിച്ചിരുന്നു.

Content Highlight: Uttarakhand police arrested five Muslim women in Haldwani conflict

We use cookies to give you the best possible experience. Learn more