ന്യൂദല്‍ഹി: കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഹരിദ്വാര്‍ ജില്ലാ ഭരണകൂടത്തോടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഏപ്രില്‍ 1 മുതല്‍ 30 വരെ നീണ്ടുനിന്ന കുംഭ മേളയ്ക്ക് എത്തിയ ആളുകള്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ആരോപണം.
പ്രതിദിനം 50,000 പരിശോധനകള്‍ നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കുന്നതിനാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. 22 ലബോറട്ടറികള്‍ക്കായിരുന്നു പരിശോധന നടത്താനുള്ള ചുമതല.
സംഭവം വിവാദമായതോടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയതിന് നല്‍കാനുള്ള പണം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അന്വേഷണം നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും ആര്‍ക്കെതിരേയും കേസെടുത്തിരുന്നില്ല.
രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സമയത്ത് കുംഭ മേള നടത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു.
ഉത്തരാഖണ്ഡിലെ കൊവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുംഭ മേള അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് കണക്കുകള്‍ പറയുന്നത്.
കുംഭ മേളയില്‍ പങ്കെടുത്ത നിരവധിപേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കുംഭ മേളയില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം വരുന്ന സന്യാസിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഹരിദ്വാറിലെ കുംഭ മേളയില്‍ പങ്കെടുത്ത സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
കാര്യങ്ങള്‍ കൈവിട്ടുപോയ ശേഷം മാത്രമായിരുന്നു കുംഭ മേള പ്രതീകാത്മകമായി നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.