| Friday, 29th December 2017, 1:10 pm

ഉത്തരാഖണ്ഡിലെ മദ്രസകളില്‍ ഇനി സംസ്‌കൃതവും ഒരു പാഠ്യവിഷയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ മദ്രസകളില്‍ സംസ്‌കൃതവും ഇനി പാഠ്യ വിഷയമാവുന്നു. ഡറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാള്‍, ഉധംസിങ് നഗര്‍ എന്നീ ജില്ലകളിലായി മദ്രസ വെല്‍ഫയര്‍ സൊസൈറ്റിയുടെ കീഴിലുള്ള 207 മദ്രസകളിലാണ് സംസ്‌കൃത ഭാഷ ഒരു വിഷയമായി പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മദ്രസകളില്‍ സംസ്‌കൃത അധ്യാപകരെ നിയമിക്കുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് സൊസൈറ്റി അധികൃതര്‍ കത്തു നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണ് സംസ്‌കൃതം.

ആയുര്‍വേദം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായാണ് അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്‌കൃതം പഠിപ്പിക്കാനൊരുങ്ങുന്നത്.

മതപരമായ വിഷയങ്ങളോടൊപ്പം ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, ഗണിതം തുടങ്ങിയവയും നിലവില്‍ തങ്ങളുടെ മദ്രസകളില്‍ പഠിപ്പിക്കുന്നുണ്ടെന്ന് സൊസൈറ്റി ചെയര്‍മാന്‍ സിബ്തെ നബി പറഞ്ഞു. ഇംഗ്ലീഷ് പോലുള്ള ഒരു വിദേശ ഭാഷ പഠിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയിലെ പ്രാചീന ഭാഷയായ സംസ്‌കൃതം പഠിപ്പിച്ചുകൂടാ എന്നും അദ്ദേഹം ചോദിക്കുന്നു.

ആയുര്‍വേദം, യോഗ എന്നിവയുടെ അധ്യാപകര്‍ക്ക് വലിയ ജോലിസാധ്യതയാണ് ഇപ്പോള്‍ ഉള്ളത്. ആയുര്‍വേദത്തിന്റെ അടിസ്ഥാനം സംസ്‌കൃതഭാഷയിലാണ് കുടികൊള്ളുന്നത്. അതുകൊണ്ട് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഈ മേഖലയില്‍ കടന്നുവരുന്നതിന് സംസ്‌കൃത പഠനം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൊത്തം 25000 വിദ്യാര്‍ഥികളാണ് ഈ മദ്രസകളിലായി പഠിക്കുന്നത്. സമിതിയുടെ ഈ പുതിയ തീരുമാനം കുട്ടികളെയും രക്ഷിതാക്കളെയും ആവേശ ഭരിതരാക്കിയിരിക്കുകയാണ്. സംസ്‌കൃത പഠനത്തിലൂടെ തങ്ങളുടെ മക്കള്‍ക്കും നല്ല ജോലി ലഭിക്കുമെന്ന് മൗലവി ഫസ്റ്റ് ഇയറിന് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവായ മെഹബൂബ് അലി പറയുന്നു.

ഉത്തരാഖണ്ഡ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് ആണ് സംസ്ഥാനത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസം ഔദ്യോഗിക വിദ്യാഭ്യാസത്തിന് തത്തുല്യമായാണ് പരിഗണിക്കപ്പെടുന്നത്.

We use cookies to give you the best possible experience. Learn more