| Monday, 16th September 2019, 10:09 pm

ദേശീയ പൗരത്വപട്ടിക തയ്യാറാക്കാനൊരുങ്ങി അഞ്ചാമത്തെ സംസ്ഥാനവും; അഞ്ചിടങ്ങളും ഭരിക്കുന്നത് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ പൗരത്വപട്ടിക തയ്യാറാക്കാനൊരുങ്ങി രാജ്യത്തെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. അവസാനമായി ജാര്‍ഖണ്ഡാണ് ദേശീയ പൗരത്വപട്ടിക സംസ്ഥാനത്ത് നടപ്പാക്കണമെന്ന് വാദിക്കുന്നത്. എന്‍.ആര്‍.സി നടപ്പാക്കാനൊരുങ്ങുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്.

അസമിനെ കൂടാതെ മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവയാണ് എന്‍.ആര്‍.സി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളൊക്കെയും ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാരുകളാണ്.

എന്‍.ആര്‍.സിക്ക് വേണ്ടി ആദ്യമായി വാദിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കായി സംസ്ഥാനത്തെ ആദ്യത്തെ തടങ്കല്‍ കേന്ദ്രത്തിനായി നവി മുംബൈയിലെ നെരുള്‍ പ്രദേശത്ത് ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേവേന്ദ്ര ഫഡ്‌നാവിസിന് ശേഷം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബാര്‍ ആയിരുന്നു എന്‍.ആര്‍.സി നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ സംസ്ഥാനത്തെ നിയമപരമായ മുസ്ലിം നിവാസികളുടെ ആനുകൂല്യങ്ങള്‍ പറ്റുകയാണെന്നും പശ്ചിമ ബംഗാള്‍ വഴി ജാര്‍ഖണ്ഡിലെ സന്താല്‍ മേഖലയിലേക്ക് നുഴഞ്ഞുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പിന്നാലെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും എന്‍.ആര്‍.സി നടപ്പിലാക്കണമെന്ന വാദവുമായി രംഗത്തെത്തി. അതിന് ശേഷം ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരും ഇതേ ആവശ്യവുമായി എത്തുകയായിരുന്നു. അഞ്ചാമതാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇതേ ആവശ്യം മുന്നോട്ട് വെക്കുന്നത്. എന്‍.ആര്‍.സി നടപ്പാക്കുന്നതിനുമുമ്പ് മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.

എന്നാല്‍ ഇതുവരെയും എന്‍.ആര്‍.സി നടപ്പിലാക്കണമെന്ന് വാദിക്കുന്ന സര്‍ക്കാരുകള്‍ എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ല.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അസം പൗരത്വപട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേരാണ് പുറത്തായത്. തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്താനും പരാതികള്‍ നല്‍കാനുമായി ഇവര്‍ക്ക് 120 ദിവസത്തെ സമയമാണ് സര്‍ക്കാരുകള്‍  നല്‍കിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more