ഡെറാഡൂണ്‍: മതപരിവര്‍ത്തനത്തിനെതിരായ ശക്തമായ ബില്‍ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ബുധനാഴ്ച പാസാക്കിയ ബില്ലില്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തനം ജാമ്യമില്ലാ കുറ്റമായാണ് കണക്കാക്കുന്നത്. മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും ഇതിന് ലഭിക്കും.
‘ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമം (ഭേദഗതി), 2022 (Uttarakhand Freedom of Religion (Amendment)Act, 2022) പ്രകാരം ഭയത്തിന്റെ നിഴലില്‍ നിര്‍ത്തിയും പ്രലോഭനത്താലും വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയും നടത്തുന്ന മതപരിവര്‍ത്തനത്തിന്റെ ഗൂഢാലോചനകള്‍ക്കെതിരായ ചരിത്രപരമായ തീരുമാനമാണിതെന്ന് തെളിയിക്കപ്പെടും,’ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കഴിഞ്ഞ മാസമാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ തീരുമാനിച്ചത്. നിലവിലുണ്ടായിരുന്ന നിയമത്തിന്റെ ചില പോരായ്മകള്‍ നീക്കാനാണ് പുതിയ നിയമമെന്ന് ഉത്തരാഖണ്ഡ് മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു.
2020 നവംബറില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ നിര്‍ബന്ധിതവും വഞ്ചനാപരവുമായ മതപരിവര്‍ത്തനത്തിനെതിരെ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇത് 2021 മാര്‍ച്ചില്‍ നിയമമാവുകയും ചെയതു.
ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഇപ്പോഴത്തെ ഭേദഗതി ബില്‍ ഉത്തര്‍പ്രദേശ് നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മതപരിവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് 50,000 രൂപ പിഴയും മതപരിവര്‍ത്തനത്തിന് ഇരയാകേണ്ടിവന്നവര്‍ക്ക് അഞ്ച് ലക്ഷം വരെ നഷ്ടപരിഹാരവും നല്‍കാനും ഈ നിയമം നിര്‍ദേശിക്കുന്നുണ്ട്.
അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് ഒമ്പത് സംസ്ഥാനങ്ങള്‍ ഇതിനോടകം നിയമം കൊണ്ടുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡിനെ കൂടാതെ ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് നിയമം കൊണ്ടുവന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം അനിവാര്യമാണെന്നും, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യം ഉപയോഗിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയച്ചത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം എന്നത് മതം മാറ്റാനുള്ള അവകാശമല്ല. ഭീഷണിപ്പെടുത്തിയും മറ്റു മാര്‍ഗങ്ങളിലൂടെയും മതപരിവര്‍ത്തനം നടക്കുന്നു. ഇത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
Content Highlight: Uttarakhand House passes stricter Bill against conversion