| Wednesday, 28th August 2024, 6:04 pm

മദ്രസ തകര്‍ത്തതില്‍ പ്രതിഷേധിച്ച് അറസ്റ്റിലായ 50 പേര്‍ക്ക് ജാമ്യം അനുവദിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: മദ്രസ തകര്‍ത്തതില്‍ പ്രതിഷേധിച്ചതില്‍ അറസ്റ്റിലായ 50 മുസ്‌ലിം പൗരന്‍മാര്‍ക്ക് ഉത്തരാഖണ്ഡ് ഹൈക്കോടതി ജാമ്യമനുവദിച്ചു. ഹല്‍ദ്വാനില്‍ മദ്രസ തകര്‍ത്തതില്‍ മുസ്‌ലിം വിഭാഗക്കാര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പൊലീസ് വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 60 തില്‍പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 4000 ത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ഉത്തരാഖണ്ഡ് അധികാരികള്‍ തകര്‍ത്ത മദ്രസ ഉണ്ടായിരുന്നത്.

റെയില്‍വേ വിപുലീകരണത്തിന്റെ ഭാഗമായാണ് മദ്രസ പൊളിച്ചത്. എന്നാല്‍ റെയില്‍വേ വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മദ്രസ അനധികൃതമായി പൊളിച്ചത്.

84 പേര്‍ക്ക് പ്രതിഷേധത്തില്‍ പങ്കുണ്ടെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയിതിരുന്നു. എന്നാല്‍ അവരുടെ കസ്റ്റഡി കാലാവധി അകാരണമായി നീട്ടി കൊണ്ടുപോവുകയായിരുന്നു.

പ്രതികള്‍ കസ്റ്റഡിയിലിരിക്കുമ്പോള്‍ നിശ്ചിത കാലാവധിയില്‍ അന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ ഡിഫോള്‍ട്ട് ജാമ്യം ലഭിക്കാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും പ്രതികളെ തുടര്‍ന്നും കസ്റ്റഡിയില്‍ വെക്കുകയായിരുന്നു.

പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ട്രയല്‍ കോടതി നിഷേധിച്ചിരുന്നു. എന്നാല്‍ അകാരണമായി തടങ്കലില്‍ വെക്കുന്നതിനെ ഹൈക്കോടതി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.

ജസ്റ്റിസുമാരായ മനോജ് കുമാര്‍ തിവാരി, പങ്കജ് പുരോഹിത് എന്നിവരാണ് പ്രതികളുടെ ഹരജി ശരിവെക്കുകയും ഉപാധികളോടെ ജാമ്യത്തില്‍ വിടുകയും ചെയ്തത്.

Content Highlight: uttarakhand highcourt granted bail to 50 people arrested in protest against the demolition of madrasa

We use cookies to give you the best possible experience. Learn more