നൈനിറ്റാള്‍: പുരോഹിതന്മാര്‍ പുറപ്പെടുവിക്കുന്ന “ഫത്‌വ” ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനത്ത് നിരോധിക്കുന്നതായും ഉത്തരാഖണ്ഡ് ഹൈക്കോടതി. ഹരിദ്വാറിലെ ലഷ്‌കര്‍ ഗ്രാമത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട 15കാരിയെയും കുടുംബത്തെയും പുറത്താക്കണമെന്ന ഫത്വ ക്കെതിരായ കേസിലാണ് കോടതിവിധി.
ഒരു മതസമിതിയ്‌ക്കോ പഞ്ചായത്തിനോ ഫത്വ പോലുള്ള ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഭരണഘടനാ വിരുദ്ധവും വ്യക്തികളുടെ മൗലികാവകാശങ്ങളെയും അന്തസിനെയും ബാധിക്കുന്നതാണ് ഉത്തരവുകളെന്ന് കോടതി പറഞ്ഞു.
ഇരയെ പിന്തുണയ്ക്കുന്നതിന് പകരം കുടുംബത്തെ ഒന്നാകെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കാനാണ് ശ്രമിച്ചതെന്ന് ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മ്മ, ജസ്റ്റിസ് ശരദ് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഫത്വ പുറപ്പെടുവിച്ച വ്യക്തിയ്‌ക്കെതിരെയും സമിതിക്കെതിരെയും കോടതി നിയമനടപടിക്ക് ഉത്തരവിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷിതത്വം ഉറപ്പാക്കാനും കോടതി ഹരിദ്വാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.