നൈനിറ്റാള്‍: ജീവജാലങ്ങളും വ്യക്തികളെപ്പോലെ തന്നെയാണെന്നും നിയമത്തിനു മുന്നില്‍ എല്ലാ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തുല്യാവകാശമാണെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി.
മൃഗങ്ങളെയും പക്ഷികളെയും ജലജീവികളെയും വസ്തുക്കളോ സ്വത്തോ ആയി കാണരുത്. അവരും മനുഷ്യരെ പോലെ തന്നെയാണ്. അതിനനുസരിച്ച് നിയമപരിരക്ഷയും അവകാശങ്ങളും അവര്‍ക്ക് ലഭിക്കുകയും വേണം – ഹൈക്കോടതി വിധിയില്‍ പറയുന്നു.
ജന്തു – ജീവജാലങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ജീവജാലങ്ങള്‍ക്ക് നിയമപരമായ തുല്യത നല്‍കുന്നതെന്നാണ് വിധിയില്‍ പറയുന്നത്.
കോര്‍പ്പറേഷനുകള്‍, ഹിന്ദു വിഗ്രഹങ്ങള്‍, വിശുദ്ധ ഗ്രന്ഥങ്ങള്‍, പുഴകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിയമപരിരക്ഷ ലഭിക്കുന്നുണ്ട്. ജീവജാലങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ വ്യക്തികളെപ്പോലെ തന്നെ നിയമപരമായ തുല്യത ഇവര്‍ക്കും നല്‍കേണ്ടതുണ്ട്- ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു.
മൃഗങ്ങള്‍ ആരോഗ്യപൂര്‍ണ്ണവും സ്വസ്ഥവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ സംരക്ഷിക്കപ്പെടണം. വേദനയോ ഭയമോ അസ്വാസ്ഥ്യമോ കൂടാതെ സ്വതസിദ്ധമായ രീതിയില്‍ ജീവിക്കാനും പെരുമാറാനും സാധിക്കണമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
“ജീവജാലങ്ങളും നീതിക്ക് അര്‍ഹരാണ്” ഹൈക്കോടതി ഉറപ്പിച്ചു പറയുന്നു.
ഒരു വ്യക്തിയുടെ അവകാശങ്ങളെല്ലാം തന്നെ മൃഗങ്ങള്‍ക്കുണ്ടെങ്കിലും പരിപാലകന്റെയോ ഉത്തരവാദിപ്പെട്ട വ്യക്തികളുടെയോ സഹായത്തോടെ മാത്രമേ കോടതിയെ സമീപിക്കാന്‍ സാധിക്കു എന്നും കോടതി നിരീക്ഷിച്ചു.
ഉത്തരാഖണ്ഡിലെ എല്ലാ പൗരന്മാര്‍ക്കും മൃഗങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും മാതാപിതാക്കളുടെ സ്ഥാനത്തു നിന്നുകൊണ്ട് ഈ കടമ നിര്‍വഹിക്കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.
ചമ്പാവത് ജില്ലയിലൂടെ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും കുതിരവണ്ടികള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ചു നല്‍കിയ ഹരജിയിലാണ് കോടതി വിധി വന്നിരിക്കുന്നത്. കുതിരകളെ ആവശ്യമായ ചെക്കപ്പുകള്‍ നടത്തി വാക്‌സിനേഷനും നടത്തിയ ശേഷമേ ഇന്ത്യയിലേക്ക് കടത്തിവിടാവു എന്നായിരുന്നു ഹരജിയിലെ ആവശ്യം.
Also Read: റെയില്‍വേ മന്ത്രി ചതിച്ചു; അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ സ്റ്റോപ്പില്ല
മൃഗസംരക്ഷണവും പരിപാലനവും സംബന്ധിച്ച നിയമങ്ങള്‍ പാലിക്കണമെന്നു ആവശ്യപ്പെട്ട കോടതി വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. കന്നുകാലികള്‍ വലിക്കുന്ന വണ്ടികള്‍ക്ക് കടന്നുപോകാന്‍ റോഡുകളില്‍ മറ്റു വണ്ടികള്‍ വഴി കൊടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നദികളായ ഗംഗയും യമുനയും വ്യക്തികളെപ്പോലെയാണെന്നും തുല്യവകാശങ്ങളുണ്ടെന്നും വിധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.