ഉത്തരാഖണ്ഡ്: മൂന്ന് ദലിത് സ്ത്രീകളെ മര്‍ദ്ദിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തതിന് രുദ്രാപൂര്‍ മണ്ഡലത്തിലെ ബി.ജെ.പി. എം.എല്‍.എ. രാജ്കുമാര്‍ തുക്രാളിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒളിച്ചോടിയ കേസില്‍ അവരുടെ വീട്ടുകാരെ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാനായി രാജ്കുമാര്‍ തുക്രാള്‍ തന്റെ വീടിനു മുന്‍പില്‍ മാര്‍ച്ച് ഒന്‍പതിന് വിളിച്ചുചേര്‍ത്ത “പഞ്ചായത്തി”ലാണ് സംഭവം.
തന്റെ ഭാര്യ മാലയെയും രണ്ട് പെണ്‍മക്കളെയും രാജ്കുമാര്‍ തുക്രാള്‍ ആക്രമിച്ചെന്നു ചൂണ്ടിക്കാട്ടി, ഒളിച്ചോടിയ ആണ്‍കുട്ടിയുടെ അച്ഛന്‍ റാം കിഷോര്‍ നല്‍കിയ പരാതിയിലാണ് രുദ്രാപൂര്‍ പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നു സ്ത്രീകളെയും തുക്രാല്‍ അടിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 323, 504 എന്നീ വകുപ്പുകള്‍ പ്രകാരവും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്ന ആക്ട് പ്രകാരവുമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, ഇരു കുടുംബങ്ങളും തമ്മില്‍ വഴക്കായപ്പോള്‍ താന്‍ അത് നിയന്ത്രണത്തിലാക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് തുക്രാല്‍ മാധ്യമങ്ങളോട് പറഞ്ഞു.