[] ന്യൂദല്‍ഹി: ഡെറാഡൂണിലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ എം.ബി.എ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ 17 പോലീസുകാര്‍ക്കും സിബിഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ഏഴ് പേര്‍ക്കെതിരെ കൊലപാതക്കുറ്റവും മറ്റുള്ളവര്‍ക്കെതിരെ അനുബന്ധ കേസുകളുമാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
2009 ജൂലായ് മൂന്നിന് ഗാസിയാബാദ് സ്വദേശിയായിരുന്ന രണ്‍ബീര്‍ സിങ്ങി (22) നെയാണ് പോലീസ് വെടിവെച്ചു കൊന്നത്. മോഷണം നടത്താനുള്ള ശ്രമത്തിനിടെ സിങ്ങിനെയും കൂട്ടാളികളെയും പിടികൂടുകയായിരുന്നെന്നും പിന്നീട് അവര്‍ ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചെന്നുമാണ് പോലീസ് പറഞ്ഞത്. 29 വെടിയുണ്ടകള്‍ യുവാവിന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.
ജോലി തേടി ഡെറാഡൂണില്‍ എത്തിയ മകനെ പോലീസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്നും തുടര്‍ന്ന് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സിങ്ങിന്റെ പിതാവ് ആരോപിച്ചിരുന്നു.