| Saturday, 16th September 2017, 12:37 pm

അധ്യാപികയെ ക്ലാസിലെത്തി അപമാനിച്ച് ബി.ജെ.പി മന്ത്രി ; ഗണിതശാസ്ത്രത്തില്‍ മന്ത്രിയുടെ പുതിയ കണ്ടുപിടുത്തത്തില്‍ അമ്പരന്ന് വിദ്യാര്‍ത്ഥികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഡെറാഡൂണ്‍ സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി വിദ്യാഭ്യാസമന്ത്രിയുടെ വിചിത്രനടപടി. സ്‌കൂളില്‍ മുന്നറിയിപ്പൊന്നും ഇല്ലാതെ എത്തി മന്ത്രി ഒരു ക്ലാസിലെക്ക് പൊടുന്നനെ കയറിച്ചെല്ലുകയും ക്ലാസെടുക്കുകയായിരുന്ന അധ്യാപികയെ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയുമായിരുന്നു.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കെമിസ്ട്രി ക്ലാസ് എടുക്കുകയായിരുന്നു അധ്യാപിക. താന്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയാണെന്നും കെമിസ്ട്രി അധ്യാപികയുടെ ഗണിതശാസ്ത്രത്തിലെ മിടുക്ക് കൂടി അറിയണമെന്നും പറഞ്ഞ് ചില ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു ഇദ്ദേഹം.


Also Read കാവ്യാമാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും; അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് കാവ്യ


തുടര്‍ന്ന് അധ്യാപികയെ തരംതാഴ്ത്തുന്ന രീതിയില്‍ സംസാരിച്ച മന്ത്രി നെഗറ്റീവും നെഗറ്റീവും ചേര്‍ന്നാല്‍ എത്രെയെന്ന് അധ്യാപികയോട് ചോദിച്ചു നെഗറ്റീവ് ആയിരിക്കുമെന്നായിരുന്നു അധ്യാപിയുടെ മറുപടി. എന്നാല്‍ നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ പോസിറ്റീവ് ആണെന്നായിരുന്നു മന്ത്രിയുടെ വാദം. ഉത്തരംകേട്ട് അധ്യാപികയും വിദ്യാര്‍ത്ഥികളും അമ്പരന്നു.

ഇതുകൊണ്ടും അവസാനിപ്പിക്കാത്ത മന്ത്രി -1 ഉം -1 ഉം കൂട്ടിയാല്‍ എത്രയെന്നായിരുന്നു അടുത്തതായി ചോദിച്ചത്. ചോദ്യത്തിന് -2 ആണ് ഉത്തരമെന്ന് അധ്യാപിക പറയവേ അല്ല -1 ഉം -1 ഉം കൂട്ടിയാല്‍ 0 മാണ് ഉത്തരമെന്ന് പറയുകയായിരുന്നു.

ഒരുപക്ഷേ സ്‌കൂളിലോ കോളേജിലോ തനിക്ക് കിട്ടിയ മാര്‍ക്ക് ഓര്‍ത്തായിരിക്കാം മന്ത്രി ഇത്തരമൊരു ഉത്തരം പറഞ്ഞതെന്നാണ് ചിലരുടെപരിഹാസം.

എന്നാല്‍ പാണ്ഡെയുടെ ഗണിതശാസ്ത്രത്തിലെ പുതിയ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്നാണ് ചിലര്‍ പറയുന്നത്. പാണ്ഡേയുടെ അറിവില്ലായ്മയെ കുറിച്ച് വിദ്യാഭ്യാസ വകുപ്പിലെ തന്നെ പലര്‍ക്കും അറിയാമെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

എന്നാല്‍ മന്ത്രിയുടെ ഈ നടപടി സംസ്ഥാനത്തെ അധ്യാപക സമൂഹത്തെ തന്നെ അപമാനിക്കുന്നതാണെന്ന് ടീച്ചര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗോകുല്‍ മതൗലിയ പറഞ്ഞു.

We use cookies to give you the best possible experience. Learn more