| Friday, 13th January 2023, 8:35 pm

ക്ഷേത്രത്തില്‍ കയറിയ ദളിതനെ 'സവര്‍ണ' സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ചു, പൊള്ളലേല്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: പ്രാര്‍ത്ഥിക്കാനായി ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് യുവാവിനെ സവര്‍ണ സംഘം കെട്ടിയിട്ട് ആക്രമിച്ചു.

ജനുവരി ഒമ്പതിന് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ മോറി ഏരിയയിലെ സല്‍റ ഗ്രാമത്തിലാണ് സംഭവം.

ബൈനോള്‍ സ്വദേശിയായ 22കാരനായ ദളിത് യുവാവ് ആയുഷിനാണ് ക്ഷേത്രത്തില്‍ കയറിയതിന്റെ പേരില്‍ മര്‍ദ്ദനമേറ്റതെന്ന് പൊലീസ് അറിയിച്ചു. യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കെട്ടിയിട്ട് പൊളളലേല്‍പിക്കുകയും ചെയ്തതായാണ് പരാതി.

ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ജനുവരി പത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആയുഷിനെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി.

ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സവര്‍ണ വിഭാഗത്തില്‍ പെടുന്ന ഒരു സംഘം കെട്ടിയിടുകയും രാത്രി മുഴുവന്‍ മര്‍ദിക്കുകയും പന്തം ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ആയുഷ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

താന്‍ ദളിതനായതിനാല്‍, ക്ഷേത്രത്തില്‍ പ്രവേശിച്ചത് മുതല്‍ അക്രമികള്‍ പ്രകോപിതരായിരുന്നുവെന്നും ആയുഷിന്റെ പരാതിയില്‍ പറയുന്നു.

ദളിത് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഗ്രാമീണര്‍ക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസെടുത്തതായി ഉത്തരകാശി പൊലീസ് സൂപ്രണ്ട് അര്‍പണ്‍ യദുവന്‍ഷി പറഞ്ഞു.

സര്‍ക്കിള്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെ സംഭവത്തിന്റെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാതിയുടെ പേരില്‍ ദളിതര്‍ നിരന്തരമായി ആക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. നാല് മാസം മുമ്പാണ് മേല്‍ജാതിക്കാരിയായ യുവതിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര്‍ തല്ലിക്കൊന്നത്.

Content Highlight: Uttarakhand: Dalit Man Assaulted With Burning Stick for Entering Temple in Uttarkashi

We use cookies to give you the best possible experience. Learn more