ഇത് വാര്‍ഷിക ബജറ്റല്ല, തെരഞ്ഞെടുപ്പ് ബജറ്റ്; വിമര്‍ശിച്ച് ഹരീഷ് റാവത്ത്
national news
ഇത് വാര്‍ഷിക ബജറ്റല്ല, തെരഞ്ഞെടുപ്പ് ബജറ്റ്; വിമര്‍ശിച്ച് ഹരീഷ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st February 2022, 12:23 pm

ഹരിദ്വാര്‍: ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്.

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഒരു ‘തെരഞ്ഞെടുപ്പ് ബജറ്റ്’ (ചുനാവി ബജറ്റ്) ആണ് എന്നായിരുന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ റാവത്തിന്റെ പ്രതികരണം.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ലക്ഷ്യം വെച്ചായിരിക്കും ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്നാണ് റാവത്ത് പറഞ്ഞത്.

”ഈ വര്‍ഷത്തെ ബജറ്റ് ഒരു തെരഞ്ഞെടുപ്പ് ബജറ്റായിരിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടായിരിക്കും ബജറ്റ് അവതരിപ്പിക്കുക,” തിങ്കളാഴ്ച വൈകീട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ഹരീഷ് റാവത്ത് പറഞ്ഞു.

ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

ഹരീഷ് റാവത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ അനുപമ റാവത്ത് ഹരിദ്വാര്‍ റൂറര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മിറ്റി തലവനും കൂടിയാണ് ഹരീഷ് റാവത്ത്.


Content Highlight: Uttarakhand Congress leader Harish Rawat calls Union Budget as Chunaavi Budget or election budget