ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയായി അധികാരമേറ്റ് ആറു മാസത്തിനുള്ളിലാണ് ബി.ജെ.പി. മുഖ്യമന്ത്രി രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
തിരത്ത് സിംഗ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്ക് രാജി സന്നദ്ധത അറിയിച്ച് കത്തെഴുതിയതായാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ഭരണഘടനാപരമായ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് രാജി വെക്കുന്നതെന്നാണ് സൂചന.
വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിനോട് ഡെറാഡൂണ്‍ സന്ദര്‍ശിക്കാന്‍ ബി.ജെ.പി. നിര്‍ദേശിച്ചിട്ടുണ്ട്. ബി.ജെ.പി. എം.എല്‍.എമാരുടെ ഒരു യോഗവും ബി.ജെ.പി. ഉന്നതാധികാര സമിതി വിളിച്ചിട്ടുണ്ട്.
തിരത് സിംഗ് റാവത്ത് ഉടന്‍ ഗവര്‍ണര്‍ ബേബി റാണി മൗര്യയെ കാണും. ഇന്ന് രാത്രി 9.30 ന് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ത്രിവേന്ദ്ര സിംഗ് റാവത്തിന് പകരമായാണ് തിരത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി മാര്‍ച്ച് 10ന് ചുമതലയേല്‍ക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് തിരത് സിംഗ് റാവത്ത് എം.എല്‍.എ. ആയിരുന്നില്ല.
പൗരി ഗര്‍വാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ എം.പിയായിരിക്കെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നത്. അദ്ദേഹം ലോക്‌സഭാ എം.പിയായി ഇപ്പോഴും തുടരുന്നുമുണ്ട്.
ഭരണഘടനാ നിയമപ്രകാരം മുഖ്യമന്ത്രിയായോ മന്ത്രിയായോ സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ ഒരു മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചിരിക്കണം.
തിരതിന്റെ കാര്യത്തില്‍ സെപ്തംബര്‍ 10നുള്ളില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കണം.എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത കുറവാണ്.
ഈ സാഹചര്യത്തില്‍ സെപ്തംബര്‍ 10ന് മുമ്പ് തിരത് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്‍ സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി നിലവില്‍വരും. ഇത് ഒഴിവാക്കാനാണ് രാജിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Uttarakhand CM Tirath Singh Rawat offers to resign months after taking oath