India
ഒരു ദിവസം ഈ ഗുഹയില്‍ താമസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ; മോദിയെ പരിഹസിച്ചവരെ വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഒരു ദിവസം ഗുഹയില്‍ താമസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ; മോദിയെ പരിഹസിച്ചവരെ വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുഹയിലെ ധ്യാനത്തെ വിമര്‍ശിച്ചു കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രസ്താവനകള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. മോദി വിമര്‍ശകര്‍ക്ക് ഒരു ദിവസം ഗുഹയില്‍ ചെലവഴിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
‘ഒരു മാധ്യമ സ്ഥാപനം മോദി താമസിച്ച മെഡിറ്റേഷന്‍ കേന്ദ്രത്തെ എല്ലാ സൗകര്യങ്ങളും ഉള്ള സ്ഥലം എന്നാണ് വിശേഷിപ്പിച്ചത്. ഈ ഗുഹ സന്ദര്‍ശിച്ച് ഒരു ദിവസം ഇവിടെ ചിലവഴിക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുകയാണ്. എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ ഒരുക്കിത്തരാം’- ത്രിവേന്ദ്ര പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിരാശരായതു കൊണ്ടാണ് പ്രതിപക്ഷം ഇതിനെ പരിഹസിക്കുന്നതെന്നും, ജനങ്ങള്‍ വീണ്ടും മോദിയെ തന്നെയാണ് പിന്തുണച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്‍.ഡി.എയ്ക്ക് മുന്നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ വോട്ടെടുപ്പ് അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് മോദി കേദര്‍നാഥില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മണിക്കൂറുകളോളം അദ്ദേഹം ഗുഹയില്‍ ധ്യാനവുമായി ചെലവഴിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചിരുന്നു. പിന്നീട് മോദി ബദ്രീനാഥും സന്ദര്‍ശിച്ചിരുന്നു.
ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മോദി ധ്യാനത്തിലിരുന്ന ഗുഹയുടെ ഒരു ദിവസത്തെ വാടക 990 രൂപയാണ്. എല്ലാ അത്യാധുനിക സൗകര്യവുമുള്ള ഗുഹയാണിത്.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മുകളിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. നേരത്തെ ദിവസം 3000 രൂപയെന്ന നിലയിലായിരുന്നു വാടക നിശ്ചയിച്ചിരുന്നത്. ആളുകളുടെ എണ്ണം കുറഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം താരിഫ് 990 ആയി കുറച്ചത്.
വൈദ്യുതി, കുടിവെള്ള സൗകര്യം, വാഷ്റൂം, എന്നീ സൗകര്യങ്ങളുമുണ്ട്. കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന പുറംഭാഗത്ത് മരത്തിന്റെ വാതിലുമുണ്ട്. കൂടാതെ പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം, രണ്ടുതവണ ചായ എന്നിവ ലഭിക്കും.
ഗുഹ വളരെ ഉള്‍പ്രദേശത്ത് ആയതിനാലും ധ്യാനത്തിനുവേണ്ടിയുണ്ടാക്കിയതിനാലും ഒരു സമയം ഒരാളെ മാത്രമേ ഗുഹയ്ക്കുള്ളില്‍ അനുവദിക്കുകയുള്ളൂ. അടിയന്തര ഘട്ടങ്ങളില്‍ ഗുഹയില്‍ കഴിയുന്നയാള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ഫോണും അതിനുള്ളിലുണ്ട്.