| Tuesday, 9th March 2021, 2:47 pm

ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ പൊട്ടിത്തെറി; മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ്   നടക്കാനിരിക്കേ   ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ എം.എല്‍.എമാരില്‍ ഒരു വിഭാഗം തിരിഞ്ഞതോടെയാണ് ഉത്തരാഖണ്ഡില്‍ ബി.ജെ.പി രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടും ഇതുവരെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.

അതിനിടെ മുഖ്യമന്ത്രി ഉടന്‍ രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടമായെന്നാണ് എം.എല്‍.എമാരുടെ പരാതി.

മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും എം.എല്‍.എമാര്‍ ഉന്നയിക്കുന്നുണ്ട്. തിങ്കളാഴ്ച ത്രിവേന്ദ്ര സിംഗ് റാവത്ത് ദല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടിരുന്നു.

മുഖ്യമന്ത്രി രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ അദ്ദേഹം ഇന്ന് ഗവര്‍ണറെ കാണുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് വൈകുന്നേരം റാവത്ത് മാധ്യമങ്ങളോട് സംസാരിച്ചേക്കും.

ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ 57 സീറ്റുകള്‍ പിടിച്ചെടുത്താണ് ബി.ജെ.പി അധികാരത്തില്‍ എത്തിയത്.

ഉത്തരാഖണ്ഡില്‍ ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നിര്‍ദേശ പ്രകാരം ബി.ജെ.പി വൈസ് പ്രസിഡന്റ് രമണ്‍ സിംഗും, ജനറല്‍ സെക്രട്ടറി ദുഷ്യന്ത് സിംഗ് ഗൗതമും സംസ്ഥാനത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ഇവര്‍ നദ്ദയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ 10 എം.എല്‍.എമാര്‍ ഇപ്പോഴും മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി ദല്‍ഹിയില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Uttarakhand Chief Minister To Meet Governor Today Amid Buzz Over Removal

We use cookies to give you the best possible experience. Learn more