ഡെറാഡൂണ്‍: അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് എത്രയും പെട്ടന്ന് തന്നെ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ഉത്തരാഖണ്ഡില്‍ ഇത് നടപ്പിലാക്കുമെന്നും ധാമി എ.എന്‍.ഐയോട് പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരുന്നതിലൂടെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ നേടാന്‍ സഹായകരമാവുമെന്നും, വിവാഹം, വിവാഹമോചനം, ക്രയവിക്രയം എന്നിവയില്‍ ഏകീകൃത സ്വഭാവം കൈവരുമെന്നും ധാമി പറഞ്ഞു.
സംസ്ഥാനത്ത് നിയമം നടപ്പിലാക്കുന്നതോടുകൂടി സാമൂഹിക ഐക്യം വര്‍ധിക്കുമെന്നും, ലിംഗനീതി ഉറപ്പാവുമെന്നും, സ്ത്രീ ശാക്തീകരണം നടക്കുമെന്നും ധാമി പറയുന്നു.
‘ഇപ്പോള്‍ ഞാന്‍ നടത്താന്‍ പോകുന്ന പ്രഖ്യാപനം എന്റെ പാര്‍ട്ടിയുടെ പ്രമേയമാണ്. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചാലുടന്‍ അത് ഞങ്ങള്‍ നിറവേറ്റും. ‘ദേവഭൂമി’യുടെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുക എന്നത് ഞങ്ങളുടെ പ്രധാന കടമയാണ്. ഇതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരുമാണ്,’ ധാമി പറഞ്ഞു.
രാമക്ഷേത്രത്തിനൊപ്പം തന്നെ ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ സ്ഥിരമായി ഉണ്ടാവുന്ന പ്രധാന വസ്തുതകളിലൊന്നാണ് ഏകീകൃത സിവില്‍ കോഡ്. നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത് നടപ്പിലാക്കും എന്ന വാഗ്ദാനം ബി.ജെ.പി സ്ഥിരം നല്‍കാറുള്ളതുമാണ്.
2016ല്‍ ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട കാര്യകാരണങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രം 21ാം നിയമ കമ്മീഷനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്മീഷന്റെ കാലാവധി 2018ല്‍ അവസാനിച്ചതോടെ 22ാം കമ്മീഷന്‍ ഇക്കാര്യം ഏറ്റെടുക്കണമെന്ന് നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു.
ഭരണഘടനയുടെ 44ാം അനുച്ഛേദം പ്രദേശത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണമെന്ന് പറയുന്നുണ്ടെന്നും റിജിജു പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍, ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനെ ചെയ്ത് സംസാരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസും ഗംഭീര റാലികളും പൊതുയോഗങ്ങളും നടത്തുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഖാതിമയിലും ഹല്‍ദ്വീനിയിലും ശ്രീ നഗറിലുമുള്ള റാലിയില്‍ പ്രിയങ്ക ഗാന്ധിയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഉത്തരാഖണ്ഡിലെ 70 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 14നാണ് നടക്കുന്നത്. ഒറ്റ ഘട്ടമായാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവില്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി എന്തു വിലകൊടുത്തും ഉത്തരാഖണ്ഡ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.
മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
Content Highlight: Uttarakhand Chief Minister Promises Uniform Civil Code