കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് ബി.ജെ.പിയുടെ പാര്‍ട്ടി പരിപാടി; അഞ്ച് ദിവസത്തിന് പിന്നാലെ സംസ്ഥാന അധ്യക്ഷന് കൊവിഡ്
India
കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് ബി.ജെ.പിയുടെ പാര്‍ട്ടി പരിപാടി; അഞ്ച് ദിവസത്തിന് പിന്നാലെ സംസ്ഥാന അധ്യക്ഷന് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th August 2020, 1:07 pm

ഡെറാഡൂണ്‍: കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് ബി.ജെ.പിയുടെ പാര്‍ട്ടി പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ചു.

പരിപാടി നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബന്‍ഷിദാര്‍ ഭഗതിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഡെറാഡൂണിലെ വസതിയില്‍ വെച്ച് ആഗസ്റ്റ് 24 നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കൊവിഡ് പോസിറ്റീവായ വിവരം ഇദ്ദേഹം തന്നെയാണ് അറിയിച്ചത്.

ഇന്നലെ കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നുവെന്നും റിസള്‍ട്ട് പോസിറ്റീവാണെന്നും കഴിഞ്ഞ ഏഴ് ദിവസത്തിനിടെ താനുമായി ബന്ധപ്പെട്ട എല്ലാവരും കൊവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭഗതിനൊപ്പം അദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് 24 ന് നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസ്ഥാനത്തെ നിരവധി ബി.ജെ.പി നേതാക്കളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ട്.

തോക്ക് കൈയിലേന്തി നൃത്തംവെച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലായ എം.എല്‍.എ പ്രണവ് സിങും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ അവസാനിച്ച ശേഷമായിരുന്നു ഇദ്ദേഹം മടങ്ങിയെത്തിയത്.

പാര്‍ട്ടി വൈസ് പ്രസിഡന്റ് ദേവേന്ദ്ര ബാസിനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ചതോടെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളേയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടി ഓഫീസ് അടച്ചിട്ടുണ്ട്.

പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ എല്ലാ മാധ്യമപ്രവര്‍ത്തകരും ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight; Uttarakhand BJP president tests Covid-19 positive days after hosting party event