| Thursday, 27th June 2024, 12:59 pm

ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ഹരിദ്വാറിൽ പ്രായപൂർത്തിയാകാത്ത 14 വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി നേതാവ് ആദിത്യ രാജ് സൈനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആദിത്യ രാജ് സൈനിക്കു പുറമെ അമിത് സെയ്‌നി എന്നയാളെയും എഫ്.ഐ.ആറിൽ പ്രതി ചേർത്തിട്ടുണ്ട്. രണ്ട് പ്രതികൾക്കെതിരെയും കൊലപാതകം, കൂട്ടബലാത്സംഗം, പോക്‌സോ തുടങ്ങി നിരവധി ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പെൺകുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. ബി.ജെ.പിയുടെ ഉത്തരാഖണ്ഡ് ഒ.ബി.സി മോർച്ചയിലെ അംഗവും സംസ്ഥാന സർക്കാരിൻ്റെ ഒ.ബി.സി കമ്മീഷനിലെ അംഗവുമായ ആദിത്യ രാജ് സൈനിയും ഇയാളുടെ കൂട്ടാളിയും തൻ്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു പരാതി.

‘ശാസ്ത്രീയ തെളിവുകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിന് രൂപീകരിച്ച എല്ലാ ടീമുകൾക്കും വ്യത്യസ്ത ചുമതലകൾ നൽകിയിട്ടുണ്ട്. കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നത്. ഒരു അലംഭാവവും വെച്ചുപൊറുപ്പിക്കില്ല, അതിൽ ഉൾപ്പെട്ട ഒരു കുറ്റവാളിയും രക്ഷപ്പെടില്ല,’ ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭാൽ പറഞ്ഞു. കേസിന്റെ വിശദാംശങ്ങൾ പൊലീസ് ഇത് വരെയും പുറത്തു വിട്ടിട്ടില്ല.

അതേസമയം ഉത്തരാഖണ്ഡിൽ സ്ത്രീകൾക്കെതിരെയുള്ള കൂറ്റകൃത്യങ്ങൾ വർധിച്ചു വരികയാണെന്നും സംസ്ഥാനത്തിന്റെ ക്രമസമാദാനനില തകരാറിലായെന്നും കോൺഗ്രസ് ആരോപിച്ചു. കേസിനെ തുടർന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന്  ആദിത്യ രാജ് സൈനിയെ പുറത്താക്കി.

Content Highlight: Uttarakhand BJP leader, accused in rape, murder of minor girl

We use cookies to give you the best possible experience. Learn more