ഏക സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്; നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
national news
ഏക സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്; നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th February 2024, 8:50 pm

ഡെറാഡൂണ്‍: ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. രാജ്യത്തെ ജനങ്ങള്‍ ദീര്‍ഘ കാലമായി ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ബില്‍ തങ്ങള്‍ പാസാക്കിയെന്നും ഇതിന് അവസരം നല്‍കിയ ജനങ്ങളോടും എം.എല്‍.എമാരോടും നന്ദിയറിയിക്കുകയാണെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി മാധ്യമങ്ങളോട് പറഞ്ഞു.

‘രാജ്യത്തെ ജനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ബില്‍ ഞങ്ങള്‍ പാസാക്കി. ഉത്തരഖണ്ഡാണ് ആദ്യമായി ബില്‍ പാസാക്കുന്നത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താനും അതുവഴി സുപ്രധാന ബില്‍ പാസാക്കാനും അവസരം നല്‍കിയതിന് സംസ്ഥാനത്തെ ജനങ്ങളോടും എല്ലാ എം.എല്‍.എമാരോടും നന്ദി പറയുന്നു,’ ധാമി പറഞ്ഞു.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള റിപ്പോര്‍ട്ടിന്റെ കരട് രൂപം സര്‍ക്കാര്‍ നിയോഗിച്ച സമിതി നേരത്തേ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് കൈമാറിയിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നത് 2022ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ഇതിനായി പ്രത്യേകം സമിതിയെ നിയോഗിക്കുകയും ചെയ്തു.

പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റത്തിന് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലും ഉള്‍പ്പെട്ട പൗരന്മാര്‍ക്ക് ഒരു നിയമം ബാധകമാക്കുന്നതാണ് ബില്‍. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലം മുതല്‍ ഗോവയില്‍ ഏക സിവില്‍ കോഡ് നിലവിലുണ്ട്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം ഒരു നിയമസഭയില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത് ആദ്യമാണ്.

ഉത്തരാഖണ്ഡില്‍ ലിവിങ് ടുഗെദറായി ജീവിക്കുന്നവരും അതിന് തയ്യാറെടുക്കുന്നവരുമായ വ്യക്തികള്‍ ഇനി മുതല്‍ ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബില്ലില്‍ നിര്‍ദേശമുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍കളുണ്ടായിരുന്നു

21 വയസില്‍ താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാണെന്നും ഉത്തരാഖണ്ഡിന് പുറത്തുപോയി താമസിക്കുന്നവര്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും നിയമസഭയില്‍ സമര്‍പ്പിച്ച സിവില്‍ കോഡ് നിയമത്തില്‍ പരാമര്‍ശിച്ചിരുന്നു.

സംസ്ഥാനത്ത് വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന പങ്കാളികള്‍ക്ക് ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ സ്വത്തവകാശങ്ങളുമുണ്ടാകും, ഉത്തരാഖണ്ഡ് നിവാസികളല്ലാത്ത അവിവാഹിത പങ്കാളികളും രജിസ്റ്റര്‍ചെയ്യണം, ഇവരിലൊരാള്‍ മൈനറായാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല, പങ്കാളികളിലൊരാളുടെ പ്രായം 21 വയസില്‍ കുറവാണെങ്കില്‍ രക്ഷിതാക്കളെ രജിസ്ട്രാര്‍ വിവരമറിയിക്കണം, പങ്കാളികളിലൊരാളെ ബലം പ്രയോഗിച്ചോ, യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവെച്ചോ ആണ് കൂടെ താമസിപ്പിച്ചിരിക്കുന്നതെങ്കിലും രജിസ്ട്രേഷന്‍ അനുവദിക്കില്ല, സാക്ഷ്യപത്രം നല്‍കുന്നതില്‍ വീഴ്ചവരുത്തുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷയോ ലഭിക്കും, രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ആറ് മാസംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷയോ ലഭിക്കും, ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീ പുരുഷനാല്‍ വഞ്ചിക്കപ്പെട്ടാല്‍ അവര്‍ക്ക് ജീവനാംശം നല്‍കണം. അല്ലാത്തപക്ഷം സ്ത്രീക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.

 

Content highlight: Uttarakhand becomes first state to pass Uniform Civil Code Bill