|

'കൊളസ്ട്രോള്‍ ഒരാഴ്ചകൊണ്ട് കുറയ്ക്കും'; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, പതഞ്ജലി മരുന്നുകകള്‍ക്ക് ഉത്തരാഖണ്ഡില്‍ നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു. ഉത്തരാഖണ്ഡിലെ ആയുര്‍വേദ യുനാനി ലൈസന്‍സിങ് അതോറിറ്റിയുടേതാണ് നടപടി.

ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാര്‍മസി പതഞ്ജലി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന അഞ്ച് മരുന്നുകളുടെ ഉത്പാദനം നിര്‍ത്തിവെക്കാനാണ് ഉത്തരവ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റര്‍, കൊളസ്ട്രോള്‍ എന്നീ രോഗങ്ങള്‍ക്കുള്ള മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയാണ് മരുന്നുകള്‍.

പതഞ്ജലിക്ക് കീഴിലെ ദിവ്യാ ഫാര്‍മസി നിര്‍മിക്കുന്ന ‘ലിപിഡോം’, ‘ലിവോഗ്രിത്’, ‘ലിവാമൃത്’ എന്നീ മരുന്നുകളുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നേരത്തെ ആയുഷ് മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇത് നിയമലംഘനമാണെന്നും വ്യക്തമാക്കിയിരുന്നു.

കൊളസ്ട്രോള്‍ ഒരാഴ്ചകൊണ്ട് കുറയ്ക്കുമെന്നാണ് ‘ലിപിഡോം’ പരസ്യത്തില്‍ പറഞ്ഞിരുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങള്‍, പക്ഷാഘാതം, രക്തസമ്മര്‍ദം എന്നിവക്കും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് ഇവര്‍ പരസ്യം ചെയ്തിരുന്നത്. കരള്‍ വീക്കത്തിനും ലിവര്‍ സിറോസിസിനും മറ്റ് ദഹനസംബന്ധിയായ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയെന്ന തരത്തിലാണ് ‘ലിവോഗ്രിത്’, ‘ലിവാമൃത്’ എന്നിവ പരസ്യം ചെയ്തിരുന്നത്.

വീണ്ടും ഉത്പാദനം തുടങ്ങണമെങ്കില്‍ ഓരോ മരുന്നിന്റെ പുതുക്കിയ ഫോര്‍മുലേഷന്‍ ഷീറ്റുകളും ലേബലിനുള്ള അപേക്ഷയും സമര്‍പ്പിക്കാന്‍ പതഞ്ജലിയോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ലൈസന്‍സ് ഓഫീസര്‍ ഒപ്പിട്ട ഉത്തരവ് പുറത്ത് വന്നിട്ടും നിരോധനത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് കമ്പനിയുടെ വിശദീകരണം. ആയുര്‍വേദ വിരുദ്ധ മാഫിയയാണ് പ്രചാരണത്തിന് പിന്നിലെന്നും കമ്പനി ആരോപിക്കുന്നു.

അതേസമയം, പതഞ്ജലിയുടെ പരസ്യങ്ങള്‍ നിയമവിരുദ്ധമെന്ന് കാണിച്ച് കണ്ണൂരിലെ നേത്രരോഗവിദഗ്ധനായ ഡോ. കെ.വി. ബാബു നേരത്തെ ആയുര്‍വേദ യുനാനി ലൈസന്‍സിങ് അതോറിറ്റിക്കും, ആയുഷ് മന്ത്രാലയത്തിനും പരാതി നല്‍കിയത്.

1940ലെ മാജിക് റെമഡീസ് ആക്ട്, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് എന്നീ നിയമങ്ങള്‍ പ്രകാരം ഈ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ പരസ്യം പാടില്ല. ഇക്കാര്യം ചൂണ്ടികാണിച്ചാണ് കണ്ണൂര്‍ സ്വദേശിയായ നേത്ര വിദഗ്ധന്‍ ഡോ. കെ.വി. ബാബു ആയുഷ് മന്ത്രാലയത്തിനും, ഉത്തരാഖണ്ഡിലെ ആയുര്‍വേദ യുനാനി ലൈസന്‍സിങ് അതോറിറ്റിക്കും പരാതി നല്‍കിയത്.

ഇതേത്തുടര്‍ന്ന് ആയുഷ് മന്ത്രാലയം നിരവധി തവണ അറിയിപ്പ് നല്‍കിയിട്ടും ഉത്തരാഖണ്ഡിലെ ഡ്രഗ് ലൈസന്‍സിങ് അതോറിറ്റി നടപടി വൈകിപ്പിക്കുകയായിരുന്നു. പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്ന് ചൂണ്ടിക്കാട്ടിയിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും ഉത്തരാഖണ്ഡിലെ ലൈസന്‍സിങ് അതോറിറ്റി ആയുഷ് മന്ത്രാലയത്തിന്റെ അറിയിപ്പുകള്‍ക്ക് മറുപടി നല്‍കിയിരുന്നില്ല.

അവസാനം എത്രയും വേഗം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായും ആയുഷ് മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം നിരോധിച്ചുകൊണ്ട് ലെസന്‍സിങ് അതോറിറ്റി നടപടിയെടുത്തത്.

അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ആയുഷ് മന്ത്രാലയം ജൂലൈയില്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. 2021 മാര്‍ച്ച് മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ 10,035 പരസ്യങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020 മാര്‍ച്ച് മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ 6,804 പരസ്യങ്ങള്‍ക്കെതിരെയായിരുന്നു പരാതി വന്നത്.

Content Highlight: Uttarakhand bars production of five Patanjali medicines citing misleading ads