കേദാര്‍നാഥിനെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ യുവാവിന്റെ കടകത്തിച്ചു
India
കേദാര്‍നാഥിനെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ യുവാവിന്റെ കടകത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th July 2017, 10:56 am

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ യുവാവിന്റെ കടകത്തിച്ചു. കേദാര്‍നാഥിനെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ ആക്രമിക്കുകയും കട കത്തിക്കുകയും ചെയ്തത്.

ഗര്‍വാള്‍ ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം. ഹിന്ദു അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകരുടെ നടപടി.

കട കത്തിച്ചതിന് പിന്നാലെ പൊലീസ് സീനിയര്‍ സൂപ്രണ്ടും ജില്ലാ മജിസ്‌ട്രേറ്റും സംഭവ സ്ഥലത്തെത്തി. കേദാര്‍നാഥിനെ കുറിച്ച് മോശമായി രീതിയില്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്തു എന്നാണ് ബജ് റംഗദള്‍ പ്രവര്‍ത്തകരുടെ ആരോപണം.


Dont Miss ഗോവയില്‍ ബീഫ് നിരോധിക്കാന്‍ ഉദ്ദേശമില്ലെന്ന് ബി.ജെ.പി മന്ത്രി; ‘വിനോദസഞ്ചാരികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കട്ടെ’


യുവാവിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നായിരുന്നു ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെത്തു. അതേസമയം ബംഗാളിലേതിന് സമാനമായി ഉത്തരാഖണ്ഡിലും വര്‍ഗീയ കലാപം നടത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

ബംഗാളില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ഫെയ്ബുക്ക് പോസ്റ്റാണ് പ്രദേശത്തെ അരക്ഷിതാവസ്ഥയിലാക്കിയ ലഹളയ്ക്ക് വഴിവെച്ചത്.കലാപത്തിന് തുടക്കംകുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പതിനേഴുകാരനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

എന്നാല്‍, സംഭവസമയത്ത് തന്റെ സിം കാര്‍ഡ് നഷ്ടപ്പെട്ടിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ വളരെ സജീവമായ ഇയാളുടെ ടൈംലൈനില്‍ ഇതുവരെ ഇത്തരത്തിലുള്ള പോസ്റ്റുകളൊന്നും കണ്ടിട്ടില്ലെന്നും ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയമുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറഞ്ഞത്.
ബസിര്‍ഹത്, ബദൂരിയ, ദേഗാങ്ക എന്നിങ്ങനെയുള്ള ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളെയാണ് കലാപം കാര്യമായി ബാധിച്ചത്.

വാഹനങ്ങളുടം കടകളും വീടുകളും ആള്‍ക്കൂട്ടം തീയിട്ട് നശിപ്പിച്ചു. പുറത്തു നിന്നുള്ള ഗുണ്ടകളാണ് പ്രദേശത്ത് അക്രമം അഴിച്ചു വിടുന്നതെന്നാണ് പ്രദേശവാസികളില്‍ പലരും ആരോപിക്കുന്നത്.