ലക്‌നൗ: വാച്ച് മോഷ്ടിച്ചു എന്നാരോപിച്ച് ദളിത് യുവാവിനെ കടയുടമകള്‍ അടിച്ചുകൊന്നു. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ ഖേരി ജില്ലയിലാണ് സംഭവം നടന്നത്.
അവനീഷ് എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. വാച്ച് മോഷ്ടിച്ചെന്നു പറഞ്ഞ് ഇയാളെ പിടികൂടിയ കടക്കാരന്‍ ജാതിചോദിക്കുകയും താന്‍ ദളിതനാണെന്ന് യുവാവ് പറഞ്ഞതോടെ അടിച്ചുകൊല്ലുകയാണുണ്ടായതെന്നു എഫ്.ഐ.ആറില്‍ പറയുന്നു.
വടി ഉപയോഗിച്ച് അവനീഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു എന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവ സമയത്ത് അവനീഷിനെ രക്ഷിക്കാന്‍ ശ്രമിച്ച അയല്‍ക്കാരന്‍ പ്രസൂണിനും (14) മര്‍ദ്ദനമേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കടക്കാരായ പുഷ്‌പേന്ദ്ര സിങ്, സഞ്ജീവ് വര്‍മ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. മറ്റുരണ്ടുപേര്‍ക്കു കൂടി സംഭവത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.
മൊഹമ്മദിയിലെ നകേദ ഗ്രാമവാസിയാണ് അവനീഷ്. ഗോല ഗോകര്‍നാഥ് ക്ഷേത്രവും ഭൂത്‌നാഥ് മേളയും കാണാനായി തിങ്കളാഴ്ച രാത്രി വീട്ടില്‍ നിന്നും പുറപ്പെട്ടതാണ് അവനീഷും പ്രസൂണും. മേളയിലെ സ്റ്റാളില്‍ വാച്ചുവാങ്ങാനായി പോയതായിരുന്നു ഇവര്‍. വാച്ചു തെരഞ്ഞെടുക്കുന്നതിനിടെ അവനീഷ് മൂന്നെണ്ണം പോക്കറ്റിലിട്ടു എന്നു പറഞ്ഞ് കടക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പ്രസൂണ്‍ പറഞ്ഞതെന്ന് പോലീസ് പറയുന്നു.
സെലക്ട് ചെയ്ത വാച്ച് പോക്കറ്റില്‍ സൂക്ഷിച്ചതാണെന്നും അതിനു പണം നല്‍കുമെന്നും അവനീഷ് പറഞ്ഞിരുന്നു. എന്നാല്‍ പുഷ്‌പേന്ദ്ര അവനെ പിടിച്ചുവെക്കുകയായിരുന്നു. പിന്നീട് കടക്കാര്‍ അവനീഷിനോടു ജാതി ചോദിക്കുകയും ദളിതനാണെന്ന് അറിഞ്ഞപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് പ്രസൂണ്‍ വ്യക്തമാക്കി. പുഷ്‌പേന്ദ്രയാണ് അവനീഷിന്റെ തലയ്ക്കടിച്ചതെന്നും പ്രസൂണ്‍ പറയുന്നു.