നോയിഡ: പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡും ദിവ്യ ഫാര്‍മസിയും ചേര്‍ന്ന് നിര്‍മിക്കുന്ന ആയുര്‍വേദ മരുന്നുകളുടെ വില്‍പനയ്ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍. 14 ആയുര്‍വേദ മരുന്നുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പതഞ്ജലിയുടെ വിവാദ പരസ്യങ്ങള്‍ പിന്‍വലിച്ചോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
ഗൗതം ബുദ്ധ നഗറിലെ റീജിയണല്‍ ആയുര്‍വേദിക് ആന്റ് യുനാനി ഓഫീസര്‍ പതഞ്ജലിയുടെ 14 ഉത്പന്നങ്ങള്‍ നിരോധിച്ചുകൊണ്ട് വെള്ളിയാഴ്ച നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ലിസ്റ്റുചെയ്ത 14 ഉത്പന്നങ്ങളുടെ വില്‍പന ഉടനടി നിര്‍ത്താന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.
ഉത്തരാഖണ്ഡ് ഡ്രഗ് ലൈസന്‍സിങ് അതോറിറ്റി, ആയുര്‍വേദ, യുനാനി സര്‍വീസസ് എന്നിവയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലിസ്റ്റ് ചെയ്ത ഉത്പന്നങ്ങളില്‍ സ്വസരി ഗോള്‍ഡ്, സ്വസരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസരി അവലേ, മുക്ത വതി എക്സ്ട്രാ പവര്‍, ലിപിഡോം, മധു ഗ്രിറ്റ്, ബിപി ഗ്രിറ്റ്, മധുനാശിനി വതി എക്സ്ട്രാ പവര്‍, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി എന്നിവയാണ് ഉള്‍പ്പെടുന്നത്. നിര്‍ദേശം ലഭിച്ചിട്ടും ലിസ്റ്റ് ചെയ്യപ്പെട്ട മരുന്നുകളുടെ വില്‍പന തുടര്‍ന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
ഏപ്രില്‍ 15ന് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെയും ദിവ്യ ഫാര്‍മസിയുടെയും 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
തെറ്റായ രീതിയില്‍ പരസ്യം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഐ.എം.എയാണ് കമ്പനിക്കെതിരെ പരാതി നല്‍കിയത്. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്ന് ഐ.എം.എ പരാതിയില്‍ ആരോപിച്ചിരുന്നു. ഇനിമുതല്‍ ഒരു നിയമലംഘനവും നടത്തില്ലെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് കോടതിക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് കമ്പനി പിന്നീടും പരസ്യ പ്രചരണവും വില്‍പനയും തുടരുകയായിരുന്നു.
Content Highlight: Uttar Pradesh’s Gautam Buddha Nagar bans sale of Ayurvedic medicines manufactured by Patanjali Ayurveda Ltd and Divya Pharmacy